പത്തനംതിട്ടയിൽ സർപ്രൈസ് സ്ഥാനാർഥിയായി അഡ്വാനി; അക്കൗണ്ട് തുറക്കാൻ ശ്രീധരൻപിള്ളയും സുരേന്ദ്രനും പോരെന്ന് വിലയിരുത്തൽ

‌തിരുവനന്തപുരം: പത്തനംതിട്ടയിൽ കണ്ണും നട്ടിരിക്കുന്ന സുരേന്ദ്രനെയും ശ്രീധരൻപിള്ളയെയും വെട്ടി കേന്ദ്ര നേതാവിനെ മത്സരിപ്പിക്കാൻ ബിജെപിയിൽ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ബിജെപിയിലെ മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിയുടേതുൾപ്പെടെയുള്ള പേരുകളാണ് ചർച്ചയാകുന്നത്. ഇന്നലെ പുറത്തു വിട്ട സ്ഥാനാർഥി പട്ടികയിൽ അഡ്വാനി ഇല്ലാതിരുന്നതോടെയാണ് ഇത്തരം ഒരു ചർച്ചയെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നു തുടങ്ങിയത്. ഇക്കാര്യത്തിൽ ചില ബിജെപി നേതാക്കൾ സൂചന നൽകിയതോടെ അഡ്വാനിയ്ക്ക് വേണ്ടിയാണ് പത്തനംതിട്ട ഒഴിച്ചിട്ടിരിക്കുന്നതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ശബരിമല വിഷയത്തെ തുടർന്ന് ബിജെപിക്ക് അനുകൂല സാഹചര്യമാണ് പത്തനംതിട്ടയിലുള്ളതെന്നാണ് വിലയിരുത്തൽ. നിലവിൽ ശ്രീധരൻപിള്ളയോ, സുരേന്ദ്രനോ നിന്നാൽ കനത്ത മത്സരം കാഴ്ച്ചവയ്ക്കാനാകില്ലെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു. അഡ്വാനിയെ പോലുള്ള കേന്ദ്ര നേതാക്കൾ മത്സരിച്ചാൽ പത്തനംതിട്ടയിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകും.

Loading...

ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയും ജനറൽ സെക്രട്ടറി കെ സുരേന്ദ്രനുമാണ് പത്തനംതിട്ട സീറ്റിനായി പരിഗണിക്കപ്പെടുന്ന രണ്ടുപേർ. ‌പത്തനംതിട്ടയിൽ അഡ്വാനി സ്ഥാനാർഥിയാകുന്നതിനെ കുറിച്ച് സംസ്ഥാനത്തെ നേതാക്കൾ ഒന്നും പറയുന്നില്ല. അതേസമയം സംസ്ഥാനത്തെ ഏതെങ്കിലും മണ്ഡലത്തിൽ മുതിർന്ന കേന്ദ്ര നേതാവ് മത്സരിക്കണമെന്ന നിർദേശം നേരത്തെ തന്നെ ഉള്ളതാണെന്ന് അവർ സമ്മതിക്കുന്നുണ്ട്.