കാണണമെന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ. ഇപ്പൊ തെറിക്കും തീയേറ്ററില്‍ നിന്ന്’ ;സ്വന്തം സിനിമയെ കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്ന ഒരു സംവിധായകന്റെ ഗതികേട് ഇങ്ങനെ

ബോക്സോഫീസില്‍ ക്ലിക്കാവാതെ പോവുന്ന സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാടുകള്‍ പലപ്പോഴും പ്രേക്ഷകന്‍ അറിയാറില്ല. നിസാര കാരണം മതി ഒരു ചിത്രം പരാജയത്തിലേക്ക് നീങ്ങാന്‍. നല്ല സിനിമയ്ക്ക് പിന്തുണയുമായി നീങ്ങുന്ന പ്രേക്ഷകരെയാണ് എന്നും സിനിമാക്കാര്‍ക്ക് ആവശ്യം. റിലീസിന് മുന്‍പ് തന്നെ പല ചിത്രങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ വന്‍ഹൈപ്പ് ലഭിക്കാറുമുണ്ട്.

ബോക്സോഫീസുകളില്‍ കോടികള്‍ വാരുന്ന സിനിമയെക്കുറിച്ച് മാത്രമാണ് വാര്‍ത്താമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യുന്നത്. തിയറ്ററുകളില്‍ പരാജയമടഞ്ഞ് ഡൗണ്‍ ലോഡിങ്ങ് സൈറ്റിലൂടെ ശ്രദ്ധിക്കപ്പെടാനാണ് അത്തരം ചിത്രങ്ങളുടെ യോഗം. ടൊവിനോ തോമസിന്റെ ഗപ്പിയായിരുന്നു സമീപകാലത്ത് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വന്ന ചിത്രം. എന്നാല്‍ തന്റെ പുതിയ ചിത്രമായ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനും ഈ ഗണത്തില്‍ വരുമെന്ന ആശങ്കയാണ് സംവിധായകന്‍ രോഹിത്ത് പ്രകടിപ്പിച്ചിട്ടുള്ളത്.

Loading...

ഭാവനയും ആസിഫ് അലിയും വേഷമിട്ട അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ റിലീസ് ചെയ്തിട്ട് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് പ്രേക്ഷകരില്ലെന്ന കാരണവും പറഞ്ഞ് സിനിമ ഹോള്‍ഡ് ഓവര്‍ ഭീഷണി നേരിടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രയ്തനത്തിനൊടുവിലാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിട്ടുള്ളത്.

സിനിമ റിലീസ് ചെയ്തപ്പോഴേയുള്ള തണുപ്പന്‍ മട്ടില്‍ സംവിധായകന്‍ ആകെ നിരാശനാണ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയചിത്രത്തോട് പ്രേക്ഷകര്‍ തന്നെ മുഖം തിരിക്കുന്ന സമീപനത്തില്‍ നിരാശനായ സംവിധായകന്‍ ഫേസ് ബുക്ക് പേജിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്.

കാണണമെന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ. ഇപ്പൊ തെറിക്കും തീയേറ്ററില്‍ നിന്ന്’ എന്നായിരുന്നു സംവിധായകന്‍ രോഹിത്ത് വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

തുടര്‍ന്ന് സിനിമ കണ്ട ഒട്ടേറെപ്പേര്‍ സംവിധായകന് പിന്തുണയുമായി ഫേസ്ബുക്കില്‍ രംഗത്തെത്തിയിട്ടുണ്ട്. ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനൊ’പ്പം തീയേറ്ററുകളിലെത്തിയ ‘ഗോദ’യുടെ സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെ രോഹിത്തിനും അദ്ദേഹത്തിന്റെ സിനിമയ്ക്കും പിന്തുണയുമായി എത്തി.നടന്‍ അജു വര്‍ഗീസും സംവിധായകന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

രോഹിത്ത് എന്ന നവാഗതന്റെയും അദ്ദേഹത്തിനൊപ്പമുള്ളവരുടെയും മൂന്ന് വര്‍ഷമായുള്ള പ്രയത്നത്തെക്കുറിച്ച് തനിക്ക് വ്യക്തിപരമായി അറിയാമെന്നും അത് ഇത്തരത്തില്‍ അവസാനിക്കുന്നത് ദു:ഖകരമാണെന്നും ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഏറെ പോസിറ്റീവ് റിവ്യൂസ് ലഭിച്ചിട്ടും അര്‍ഹിച്ച അംഗീകാരം ലഭിക്കാത്തത് ഖേദകരമാണെന്നും സിനിമയെ സ്നേഹിക്കുന്നവര്‍ ചിത്രം കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ബേസില്‍ പറയുന്നു.