നമ്മുടെ സാംസ്‌കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല, അവരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണ്, ലോക്കല്‍ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാന്‍ നിവൃത്തിയുള്ളൂ

പെരിയ ഇരട്ട കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ മൗനത്തില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപിണ്ടിയുമായി പ്രകടനം നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ വാഴപിണ്ടി സമരത്തിനു പിന്നാലെ സാഹിത്യ സാംസ്‌കാരിക നായകരെ വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ജയശങ്കര്‍. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നമ്മുടെ സാംസ്‌കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ലെന്നും അവരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണെന്നും അഡ്വ. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.

ജയശങ്കറുടെ ഫേസ്ബുക്ക് കുറിപ്പ്;

Loading...

സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?

തൃശൂരെ ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമേന്തി സാഹിത്യ അക്കാദമിയിലേക്കു പ്രകടനം നടത്തി.

ചെയര്‍മാന്‍ അതേറ്റുവാങ്ങാന്‍ വൈമനസ്യം പ്രകടിപ്പിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ കാറിനു മേല്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചു കൃതാര്‍ത്ഥരായി.

കാസര്‍കോട് ജില്ലയില്‍ രണ്ടു യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തെ പറ്റി നമ്മുടെ മതേതര ജനാധിപത്യ പുരോഗമന സാംസ്‌കാരിക നായകര്‍ പുലര്‍ത്തുന്ന മൗനമാണ് യൂത്തന്മാരെ പ്രകോപിപ്പിച്ചത്. നട്ടെല്ലിന് പകരം ഉപയോഗിക്കാനാണത്രേ, വാഴപ്പിണ്ടി.

യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നമ്മുടെ സാംസ്‌കാരിക നായകരെ പറ്റി ഒരു ചുക്കും അറിയില്ല. അവരുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫീസില്‍ പണയത്തിലാണ്. ലോക്കല്‍ സെക്രട്ടറി പച്ചക്കൊടി കാണിച്ചാലേ പ്രതികരിക്കാന്‍ നിവൃത്തിയുള്ളൂ. അതുകൊണ്ട് സോറി, എച്ചൂസ് മീ…