കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി പള്‍സര്‍ സുനിക്കുവേണ്ടി അഡ്വ.ബി.എ ആളൂര്‍ ഹാജരാകും. നാളെ കാക്കനാട് ജില്ലാ ജയിലില്‍ എത്തി അഡ്വ.ആളൂര്‍ പള്‍സര്‍ സുനിയെ കാണുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മൂന്നുമണിമുതല്‍ നാലുമണിവരെ സുനിയെ കാണാന്‍ സന്ദര്‍ശന സമയം അനുവദിച്ചിട്ടുണ്ടെന്നും് അഡ്വ.ആളൂര്‍ സുനിയില്‍നിന്നും നാളെ തന്നെ വക്കാലത്ത് ഒപ്പിട്ടുവാങ്ങുമെന്നും റിപ്പോര്‍ട്ട്.
കേസില്‍ പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാകുമെന്ന് അഡ്വ. ആളൂര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുനിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് വരുന്നതെന്നും ആളൂര്‍ പറഞ്ഞിരുന്നു.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനകളും നിഗൂഢതകളും ഉണ്ടെന്നത് സത്യമാണെന്നും ആളൂര്‍ പറഞ്ഞു. എന്നാല്‍ ദിലീപിന് കേസില്‍ പങ്കുണ്ട് എന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ല. അതൊക്കെ പൊലീസ് അന്വേഷിക്കട്ടെ, പോലീസ് ആവശ്യമായ അവസരങ്ങളില്‍ ഇടപെട്ടുകൊണ്ട് അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ കുറ്റപത്രത്തിനോടൊപ്പം ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും കോടതിയില്‍ ഹാജരാക്കാമായിരുന്നുവെന്നും അഡ്വ.ആളൂര്‍ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സുനിയുമായി ബന്ധപ്പെട്ടവര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അഡ്വ.ആളൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആളൂരിന്റെ സഹപ്രവര്‍ത്തകനായ അഡ്വ.ടോജി ഇന്ന് ജയിലില്‍ സുനിയെ സന്ദര്‍ശിച്ചിരുന്നു. കേസ് താന്‍ ഏറ്റെടുക്കണമെന്നു സുനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ജയില്‍ സുനിയെ സന്ദര്‍ശിക്കുന്നതെന്ന് അഡ്വ.ആളൂര്‍ വ്യക്തമാക്കി. നേരത്തെ കേസില്‍ ഇരയാക്കപ്പെട്ട നടിക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ പ്രോസിക്യൂട്ടര്‍ ആകുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ തീരുമാനം വൈകിയ സാഹചര്യത്തിലാണ് പ്രതിയുടെ താല്പര്യപ്രകാരം താന്‍ ഹാജരാകുന്നത്. അതേസമയം നിലവില്‍ സുനിയുടെ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ വക്കാലത്ത് ഒഴിയാതെ കേസ് ഏറ്റെടുക്കാനാകില്ലെന്ന സാങ്കേതിക പ്രശ്നം ജയില്‍ സൂപ്രണ്ട് ആളൂരിന്റെ സഹപ്രവര്‍ത്തകനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുനിയുടെ നിലവിലുള്ള രണ്ട് അഭിഭാഷകരുമായി നാളെ രാവിലെ ബന്ധപ്പെട്ട് ഇക്കാര്യം ചര്‍ച്ച ചെയ്യും. എത്രയും വേഗം പള്‍സര്‍ സുനിയെ ജയില്‍ മോചിതനാക്കാനാണ് തന്റെ ശ്രമമെന്നും അഡ്വ.ആളൂര്‍ പറഞ്ഞു. ജൂലൈ നാലിനാണ് സുനിയെ ഇനി അങ്കമാലി കോടതിയില്‍ ഹാജരാക്കുന്നത്.
സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദസ്വാമിക്ക് വേണ്ടിയും, ജിഷ വധക്കേസ് പ്രതിക്കുവേണ്ടിയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനുവേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനയുമായ രസീല രാജു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനുവേണ്ടി ഹാജരായതും ആളൂരായിരുന്നു.