കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് പള്‍സര്‍ സുനി തന്നോട് പറഞ്ഞെന്ന് അഡ്വ.ബി.എ ആളൂര്‍. സർക്കാരോ, പോലീസോ, താര ലോകമോ, പണച്ചാക്കുകളോ വിചാരിച്ചാൽ ഇനി നടി അക്രമിക്കപ്പെട്ട കേസ് മുക്കാനാകില്ല. ആളൂർ വക്കില്ല് വന്നു. ഈ കേസിൽ തന്റെ ജീവിതത്തിലേ എല്ലാ കുപ്രസിദ്ധിയും കഴുകി കളഞ്ഞ് ജന പ്രസിദ്ധിയും കൈയ്യടിയും നേടാനാണ് ആളൂർ വക്കീൽ വന്നിരിക്കുന്നത്. ഇനി സത്യം ആളൂർ പറയും..ഉറപ്പ്…വക്കാലത്ത് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കാക്കാനാട് സബ്ബ് ജയിലിലെത്തി പള്‍സര്‍ സുനിയെ കണ്ട ശേഷമാണ് ആളൂര്‍ ഇക്കാര്യം പറഞ്ഞത്. സിനിമ മേഖലയില്‍ ഉള്ളവര്‍ക്കും കേസില്‍ ബന്ധമുണ്ടെന്നും ആളൂര്‍ പറഞ്ഞു.
വലിയ ഗൂഢാലോചനയാണ് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ നടന്നിരിക്കുന്നത്. വേണ്ടി വന്നാല്‍ 164 പ്രകാരം ഇക്കാര്യങ്ങള്‍ സുനി മജിസ്ട്രേറ്റിന് മുമ്പില്‍ രഹസ്യമൊഴിയായി നല്‍കുമെന്നും ആളൂര്‍ പറഞ്ഞു.
പള്‍സര്‍ സുനിയുടെ പേരിലുള്ള എല്ലാ കേസുകളിലും ഡ്രൈവര്‍ മാര്ട്ടിന് ഒഴിച്ചുള്ള മറ്റു പ്രതികള്‍ക്ക് വേണ്ടിയും ഇനി കോടതിയില്‍ ഹാജരാവുക ആളൂരായിരിക്കും.
നടി ആക്രമിക്കപ്പെട്ട കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സുനിയുമായി ബന്ധപ്പെട്ടവര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അഡ്വ.ആളൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആളൂരിന്റെ സഹപ്രവര്‍ത്തകനായ അഡ്വ.ടോജി ജയിലില്‍ സുനിയെ സന്ദര്‍ശിച്ചിരുന്നു. കേസ് താന്‍ ഏറ്റെടുക്കണമെന്നു സുനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് താന്‍ സുനിയെ കാണാനെത്തിയതെന്നും ഇനി ജൂലൈ നാലിന് കേസ് കോടതി പരിഗണിക്കുമ്പോള്‍ സുനിക്ക് വേണ്ടി താന്‍ ഹാജരാവുമെന്നും ആളൂര്‍ വ്യക്തമാക്കി.
തന്റെ വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ ജയില്‍ സൂപ്രണ്ട് നാളെ കോടതിയ്ക്ക് കൈമാറും.
മാര്ട്ടിന് ഒഴിച്ചുള്ള മറ്റു പ്രതികളുടെയും കേസുകള്‍ ആളൂര്‍ ഏറ്റെടുത്തിട്ടുണ്ട്.
വക്കാലത്ത് നിലവിലെ അഭിഭാഷകനില്‍ നിന്ന് ആളൂരിന് കൈമാറണമെന്ന അപേക്ഷ സുനി ജയില്‍ സൂപ്രണ്ടിന് എഴുതി നല്കി. ഈ അപേക്ഷ കോടതി അനുവദിക്കുന്നതോടെ സുനിക്ക് വേണ്ടി കോടതിയില്‍ ഹാജരാവുക ആളൂരായിരിക്കും.
സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദസ്വാമിക്ക് വേണ്ടിയും, ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനുവേണ്ടിയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനുവേണ്ടിയും ആളൂര്‍ ഹാജരായിരുന്നു. സോളാര്‍ക്കേസില്‍ സരിത എസ് നായര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനയുമായ രസീല രാജു കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനുവേണ്ടി ഹാജരായതും ആളൂരായിരുന്നു.