സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിന്‍റെ ജൂനിയർ എത്തി: വക്കാലത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്ന: എൻ ഐ എ കോടതിയാണെന്ന് മറന്നു പോകരുതെന്നും മേലിൽ ആവർത്തിക്കരുതെന്നും അഭിഭാഷകര്‍ക്ക് താക്കീത്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് ഏറ്റെടുക്കാൻ തയ്യാറായി അഡ്വ. ബിഎ ആളൂർ. വക്കാലത്ത് ഏറ്റെടുക്കാനായി ആളൂരിന്‍റെ ജൂനിയർ അഭിഭാഷകരാണ് കോടതിയിൽ എത്തിയത്. എന്നാൽ എൻഐഎ കോടതി കർശനമായ താക്കീത് നൽകി തിരിച്ചയച്ചു. കോടതി നടപടി തുടങ്ങിയതോടെ ആളൂരിന്‍റെ ജൂനിയര്‍ സ്വപ്ന സുരേഷിന്‍റെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ സമർപ്പിക്കുകയായിരുന്നു. പ്രതികളായ സന്ദീപ് നായരുടെയും സ്വപ്ന സുരേഷിന്‍റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന എൻ ഐ കോടതിയിലാണ് ആളൂര്‍ അസോസിയേറ്റിലെ ജൂനിയർ അഭിഭാഷകനായ ടിജോ അടക്കം ഏതാനും അഭിഭാഷകർ എത്തിയത്.

വക്കാലത്തിനായുള്ള അപേക്ഷ സമർപ്പിച്ചപ്പോൾ സ്പെഷ്യൽ ജഡ്ജ് സ്വപ്ന സുരേഷിനെ വിളിച്ച് വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്ന്‌ ചോദിക്കുകയായിരുന്നു. എന്നാൽ തനിക്ക് ഈ അഭിഭാഷകനെ അറിയില്ലെന്നും ആരെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന കോടതിയെ ബോധ്യപ്പെടുത്തി. തന്‍റെ ഭർത്താവാണ് അഭിഭാഷകനെ വയ്ക്കുന്ന കാര്യം തീരുമാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Loading...

സ്വപ്നയുടെ മറുപടി വന്നതോടെ ആളൂര്‍ അസോസിയേറ്റിലെ അഭിഭാഷകനോട് മുന്നോട്ട് വരാൻ കോടതി ആവശ്യപ്പെട്ടു. ഇത് എൻ ഐ എ കോടതിയാണെന്ന് മറന്നു പോകരുതെന്നും മേലിൽ ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകുകയായിരുന്നു.