മട്ടന്നൂര്‍: വനിത മജിസ്ട്രേറ്റിനെ കണ്ടതോടെ അഭിഭാഷകന് പ്രണയം പൂത്തുലഞ്ഞു. ഒടുവില്‍ പ്രണയം അഭിഭാഷകനെ ജയിലഴിക്കുള്ളിലും ആക്കി. വനിത മജിസ്ട്രേറ്റിന് പിന്നാലെ പ്രണയ സന്ദേശങ്ങള്‍ നല്‍കിയും ആശംസ കാര്‍ഡുകള്‍ നല്‍കിയും നടന്നിരുന്ന അഭിഭാഷകന് ഒടുവില്‍ കോടതി മുറിക്കുള്ളില്‍ വെച്ച് മജിസ്ട്രേറ്റിനെ കണ്ണിറുക്കി കാണിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. ഇതോടെ അഭിഭാഷകന് മുട്ടന്‍ പണിയും കിട്ടി.
മട്ടന്നൂര്‍ ബാറിലെ അഭിഭാഷകനായ 52കാരന് സാബു വര്‍ഗീസാണ് വനിത മജിസ്ട്രേറ്റിന് പിന്നാലെ പ്രണയവുമായി നടന്ന് ഒടുവില്‍ കുടുങ്ങിയത്. കോടതിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിന് ഇടെ സാബു മജിസ്ട്രേറ്റിനോട് ആംഗ്യ ഭാഷയില്‍ അപമര്യാദയായി പെരുമാറുകയും മജിസ്ട്രേറ്റിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ആണ് ചെയ്തത് എന്നാണ് കേസ്. ഒടുവില്‍ സാബു വര്‍ഗീസിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.
അടുത്തിടെയാണ് തെക്കന്‍ ജില്ലക്കാരി ആയ വനിത മജിസ്ട്രേറ്റ് കണ്ണൂര്‍ ജില്ലയിലെ ഒരു കോടതിയില്‍ മജിസ്ട്രേറ്റായി വന്നത്. വനിത മജിസ്ട്രേറ്റിനോട് പ്രണയം തോന്നിയ അഭിഭാഷകന് ഇക്കാര്യം തുറന്ന് പറഞ്ഞു. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ പോലും വനിത മജിസ്ട്രേറ്റ് തയ്യാറായില്ല. ഇതോടെ അഭിഭാഷകന് വനിത മജിസ്ട്രേറ്റിന്റെ പിന്നാലെ കൂടി. നിരന്തരം ശല്യപ്പെടുത്തി. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ മൊബൈല്‍ ഫോണിലേക്ക് പ്രണയ സന്ദേശങ്ങള്‍ അയക്കുകയും പ്രണയ കാര്‍ഡുകള്‍ അയക്കുകയും ആയിരുന്നു അഭിഭാഷകന്റെ പ്രണയ രീതികള്‍. ശല്യം സബിക്കാതായപ്പോള് വനിത മജിസ്ട്രേറ്റ് ബാര്‍ അസോസിയേഷനെ സമീപിച്ചു. ബാര്‍ അസോസിയേഷന് വക്കീലിനെ വിളിച്ച് ശാസിക്കുകയും മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു.
എന്നാല്‍ പൂത്തുലഞ്ഞ പ്രണയത്തില്‍ നിന്നും പിന്മാറാന് അഭിഭാഷകന് ഒരുക്കമായിരുന്നില്ല. ഇയാള്‍ വനിത മജിസ്ട്രേറ്റിനെ ശല്യപ്പെടുത്തുന്നത് തുടര്‍ന്ന് തന്നെ വന്നു. ഒടുവില്‍ കോടതി മുറിയിലും അഭിഭാഷകന് തന്റെ പ്രണയ ലീലകള്‍ പുറത്തെടുത്ത് തുടങ്ങി. ഇതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയതും അഭിഭാഷകന് ജയില്‍ വാസത്തിന് വഴി ഒരുങ്ങിയതും. കോടതി മുറിയിലേക്കും അഭിഭാഷകന്റെ പ്രണയ കോപ്രായങ്ങള്‍ എത്തിയതോടെ വനിതാ മജിസ്ട്രേറ്റ് പൊലീസില്‍ പരാതി നല്കുകി. കോടതി പ്രവര്‍ത്തിക്കുന്നതിനിടെ മജിസ്ട്രേറ്റിനോട് മോശമായി പെരുമാറി എന്നായിരുന്നു പരാതി. തുടര്‍ന്ന് ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 52കാരനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോടതി പ്രവര്‍ത്തിക്കുന്ന സമയത്ത് കോടതി മുറിയില്‍ വെച്ച് ട്രയല്‍ നടന്നു കൊണ്ടിരിക്കെ മജിസ്ട്രേറ്റിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുന്ന തരത്തില്‍ മോശമായ ആംഗ്യങ്ങള്‍ കാണിക്കുകയും ഇതേ തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുകയും ചെയ്തതായാണ് പരാതി. അഭിഭാഷകനെ കഴിഞ്ഞ ദിവസം ബാര്‍ അസോസിയേഷന് അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.