വേണമെങ്കിൽ താമര കുമ്പളങ്ങിയിലും വിരിയും; കെവി തോമസിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവും എംപിയുമായ കെവി തോമസിനെതിരെ പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ജീവിക്കാന്‍ പഠിച്ചയാളാണ് പ്രൊഫ കെവി തോമസ്. ഇനി, കെപിസിസി പ്രസിഡന്റ്, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളേ മാഷിനു കിട്ടാന്‍ ബാക്കിയുള്ളൂ എന്ന് ജയശങ്കർ പരിഹസിക്കുന്നു.

കൊച്ചിക്കായലില്‍ തിരുതയുണ്ടെങ്കില്‍ അതും വൈകാതെ കരഗതമാകും. അതാണ് തോമസ് മാഷെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ പറയുന്നു. മോദിയുടെ മഹത്വം കേരളത്തിലെ ചില ഖദര്‍ധാരികള്‍ക്ക് ഇനിയും മനസിലായിട്ടില്ല. മാഷിനോട് വിശദീകരണം ചോദിക്കുമെന്നാണ് ഹസ്സന്‍ജിയുടെ ഭീഷണി. ഈ ഓലപ്പാമ്പു കണ്ടാല്‍ പേടിക്കുന്നവനല്ല പ്രൊഫ കെവി തോമസ്. ഹൈക്കമാന്‍ഡില്‍ ഹസ്സനേക്കാള്‍ പിടിപാടുണ്ട് അദ്ദേഹത്തിന്. ഒരു നടപടിയും ഉണ്ടാവില്ല. ഇനി അഥവാ നടപടി എടുത്താലും പുല്ലാണ്. മാഷ് നല്ലനേരം നോക്കി ബിജെപിയില്‍ ചേരും. നരേന്ദ്രമോദി പ്രിയങ്കരന്‍ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കും. 2019ല്‍ സഹമന്ത്രിയല്ല, ക്യാബിനറ്റ് മന്ത്രിയാകും എന്ന് ഉറപ്പാണെന്നും ജയശങ്കര്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജീവിക്കാൻ പഠിച്ചയാളാണ് പ്രൊഫ കെവി തോമസ്.

കരുണാകരനു തിരുത കൊടുത്ത് മൂന്നു തവണ പാർലമെന്റംഗമായി. ഫ്രഞ്ച് ചാരക്കേസിൽ കുടുങ്ങി തെരഞ്ഞെടുപ്പു തോറ്റപ്പോൾ ഡിസിസി പ്രസിഡന്റായി, എറണാകുളം എംഎൽഎ ആയി. ഉമ്മൻചാണ്ടിയെ വെട്ടി മന്ത്രിയായി.

കരുണാകരൻ്റെ കരുണാ കടാക്ഷം കൊണ്ടുമാത്രം എംഎൽഎയും മന്ത്രിയുമായ മാഷ്, കൃത്യം മൂന്നു മാസത്തിനകം ആൻ്റണിയുടെ വിശ്വസ്തനായി. ദൽഹിയിലും തിരുത കൊടുത്ത് മാഡത്തിൻ്റെ മനം കവർന്നു. സോണിയ പ്രിയങ്കരി എന്ന പുസ്തകമെഴുതി നമ്പർ 10 ജനപഥിൽ സ്വാധീനം ഉറപ്പിച്ചു.

ഹൈബി ഈഡനെ വെട്ടി വീണ്ടും പാർലമെന്റംഗമായി. പ്രൊഫ പിജെ കുര്യൻ്റെ മോഹങ്ങൾ തല്ലിക്കൊഴിച്ച് കേന്ദ്ര സഹമന്ത്രിയായി. അധികം വൈകാതെ സ്വതന്ത്ര ചുമതല സംഘടിപ്പിച്ചു. 2014ലെ മോദി തരംഗത്തെയും തോമസ് മാഷ് പുല്ലുപോലെ അതിജീവിച്ചു, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി.

ഇനി, കെപിസിസി പ്രസിഡന്റ്, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളേ മാഷിനു കിട്ടാൻ ബാക്കിയുള്ളൂ. കൊച്ചിക്കായലിൽ തിരുതയുണ്ടെങ്കിൽ അതും വൈകാതെ കരഗതമാകും. അതാണ് തോമസ് മാഷ്; കുമ്പളങ്ങിയുടെ വീരപുത്രൻ.

അന്ധമായി ആരെയും എതിർക്കുന്നയാളല്ല തോമസ് മാഷ്. നന്മ എവിടെക്കണ്ടാലും അംഗീകരിക്കും, അഭിനന്ദിക്കും. കരുണാകരനായാലും ആൻ്റണിയായാലും പിണറായി വിജയനായാലും നരേന്ദ്രമോദി ആയാലും അതിനു മാറ്റമില്ല.

ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തോട് എതിർപ്പുളളയാളാണ് തോമസ് മാഷ്. പക്ഷേ, മോദിയുടെ ഭരണ പാടവത്തോട് ആദരവാണ്. അതു തുറന്നുപറയാനും മടിയില്ല.

മോദിയുടെ മഹത്വം കേരളത്തിലെ ചില ഖദർധാരികൾക്ക് ഇനിയും മനസിലായിട്ടില്ല. മാഷിനോട് വിശദീകരണം ചോദിക്കുമെന്നാണ് ഹസ്സൻജിയുടെ ഭീഷണി. ഈ ഓലപ്പാമ്പു കണ്ടാൽ പേടിക്കുന്നവനല്ല പ്രൊഫ കെവി തോമസ്. ഹൈക്കമാൻഡിൽ ഹസ്സനേക്കാൾ പിടിപാടുണ്ട് അദ്ദേഹത്തിന്. ഒരു നടപടിയും ഉണ്ടാവില്ല എന്ന് ഉറപ്പാണ്.

ഇനി അഥവാ നടപടി എടുത്താലും പുല്ലാണ്. മാഷ് നല്ലനേരം നോക്കി ബിജെപിയിൽ ചേരും. നരേന്ദ്രമോദി പ്രിയങ്കരൻ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കും. 2019ൽ സഹമന്ത്രിയല്ല, ക്യാബിനറ്റ് മന്ത്രിയാകും.

വേണമെങ്കിൽ താമര കുമ്പളങ്ങിയിലും വിരിയും.

Top