57 യാത്രക്കാരുമായി 30 വർഷങ്ങൾക്ക് മുൻപ് പറന്നുയർന്ന വിമാനം നിലത്തിറങ്ങിയത് ഇപ്പോൾ… ചോദ്യങ്ങൾ നിരവധി

ഒരിക്കൽ പോയാൽ തിരിച്ചു കിട്ടാത്ത ഒന്നാണ് കാലവും സമയവും. ഇവയുടെ മുന്നിലും പിന്നിലും സഞ്ചരിക്കാൻ ആർക്കും സാധിക്കില്ല എന്നാണ് വിശ്വാസം. കാലത്തിനും സമയത്തിനും അതീതമായി സഞ്ചരിക്കുന്നതിനെ ടൈം ട്രാവലിം​ഗ് എന്നാണ് വിളിക്കുന്നത്. അങ്ങനെ ടൈം ട്രാവലിം​ഗ് നടത്തി ‌മൂന്നു പതിറ്റാണ്ടിന് ശേഷം തിരികെയെത്തിയ ഒരു വിമാനമുണ്ട്. പാൻ അമേരിക്ക വിമാനം 914. സത്യമെന്നോ മിഥ്യയെന്നോ ഇപ്പോഴും തീർച്ചപ്പെടുത്താൻ കഴിയാത്ത സംഭവം കൂടിയാണ് ഈ വിമാനത്തിന്റെ കാണാതാകലും പിന്നീടുള്ള തിരിച്ചെത്തലും.

1955- ൽ 57 യാത്രക്കാരും നാല് ജീവനക്കാരുമായി പാൻ അമേരിക്ക 914 എന്ന ചാർ‌ട്ടേർഡ് വിമാനം ന്യൂയോർക്കിൽ നിന്ന് മിയാമിയിലേക്ക് യാത്ര തിരിച്ചു. പിന്നീട് ആ വിമാനത്തെക്കുറിച്ചോ യാത്രക്കാരെക്കുറിച്ചോ ആരും ഒന്നും അറിഞ്ഞില്ല. എങ്ങോട്ട് പോയെന്നോ എവിടെ എത്തിയെന്നോ യാതൊരു വിവരങ്ങളും ലഭിച്ചില്ല. തകർന്ന് കടലിൽ പതിച്ചെന്നും അപകടത്തിൽ കാണാതായി എന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാൽ ഇവയൊന്നും ഔദ്യോ​ഗികമായി സ്ഥിരീകരിക്കാൻ ആർക്കും സാധിച്ചില്ല.

Loading...

അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം, മുപ്പത് വർഷങ്ങൾക്ക് ശേഷം കാണാതെപോയ വിമാനം തിരികെയെത്തി. വെനസ്വേലയിലെ കരാകസ് വിമാനത്താവളത്തിലാണ് വിമാനം ചെന്നിറങ്ങിയത്. തങ്ങൾ എത്തിയിരിക്കുന്നത് വെനിസ്വേലയിലാണെന്ന് അറിഞ്ഞപ്പോൾ യാത്ര പുറപ്പെട്ടത് ന്യൂയോർക്കിൽ നിന്നാണെന്നും എത്തേണ്ടത് മിയാമിയിലാണെന്നും പൈലറ്റ് വെളിപ്പെടുത്തി.

ചോദ്യങ്ങളൊരുപാട് ബാക്കിയാക്കിയാണ് ഈ വിമാനം കാണാതായതും പിന്നീട് പ്രത്യക്ഷപ്പെട്ടതും. അവർക്കൊന്നും പ്രായമാകാത്തത് എന്താണ്, ഇന്ധനമില്ലാതെ ഇത്രയും വർഷം വിമാനം എങ്ങനെ സഞ്ചരിച്ചു, ഇത്രയും നാൾ എവിടപ്പോയി തുടങ്ങി കുറെയധികം ചോദ്യങ്ങൾ‌ ഇപ്പോഴും ബാക്കിയാണ്.

ടൈം ​ട്രാവലാണ് വിമാനത്തിന് സംഭവിച്ചതെന്ന് പറയുമ്പോഴും ഇങ്ങനെയൊരു വിമാനം പോലും ഉണ്ടായിരുന്നില്ലെന്ന് സമർത്ഥിക്കുന്നവരും ഉണ്ട്. കാണാതായതും അപകടത്തിൽ പെട്ടതുമായി വിമാനങ്ങളെക്കുറിച്ച് പരിശോധിച്ചാൽ ഇങ്ങനെയൊരു പേരിൽ പാൻ അമേരിക്കയ്ക്ക് വിമാനമില്ലായിരുന്നുവെന്ന് മറ്റ് ചിലർ പറയുന്നു.