താലിബാനുമായി സമാധാന ചര്‍ച്ചയ്ക്ക് ഒരുങ്ങി അമേരിക്ക; വേദിയാകുക ഖത്തര്‍

ദോഹ: 2001ലാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലെത്തുന്നത്. ഏറെ നാളത്തെ യുദ്ധത്തിനിടെ, അവിടെ ഭരണം നടത്തിയിരുന്ന താലിബാനെ പുറത്താക്കി. പിന്നീട് ഹാമിദ് കര്‍സായി നേതൃത്വം നല്‍കുന്ന പുതിയ സര്‍ക്കാര്‍ വന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വീണ്ടും അഫ്ഗാനില്‍ ഭരണമാറ്റമുണ്ടായി.

താലിബാനെ ഇല്ലാതാക്കാന്‍ അഫ്ഗാനിലെത്തിയതായിരുന്നു അമേരിക്ക. കൂടെ താലിബാന്‍ സംരക്ഷണം നല്‍കിയിരുന്ന ഉസാമ ബിന്‍ ലാദിനെയും. ഉസാമയെ പാകിസ്താനില്‍ വച്ച് അമേരിക്കന്‍ സൈന്യം വധിച്ചു. വര്‍ഷം 17 പിന്നിട്ടിട്ടും പക്ഷേ, അഫ്ഗാനില്‍ നിന്ന് അമേരിക്ക തിരിച്ചുപോയിട്ടില്ല. താലിബാനെ പുറത്താക്കാന്‍ വന്നവര്‍ അഫ്ഗാനില്‍ പെട്ടു എന്നതാണ് ചുരുക്കം. എങ്ങനെയെങ്കിലും അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കത്തിലാണ് അമേരിക്ക. താലിബാനുമായി സമാധാന ചര്‍ച്ചയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് അമേരിക്ക. ഇതിന് വേദിയാകുകയാണ് ഖത്തര്‍. ഖത്തറില്‍ താലിബാന് ഓഫീസുണ്ട്. അഫ്ഗാനില്‍ സമാധാനം പുലരണമെന്ന് ഖത്തറും ആഗ്രഹിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധികളും ദോഹയിലെത്തുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് സമാധാന ചര്‍ച്ച. അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താലിബാന്‍ സമ്മതിച്ചിട്ടില്ല. അവരുമായി ചര്‍ച്ച നടത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നാണ് താലിബാന്റെ നിലപാട്.

അമേരിക്കയാണ് തങ്ങളുടെ ശത്രു. അഫ്ഗാനില്‍ അമേരിക്ക നിയോഗിച്ച പാവ സര്‍ക്കാരല്ല. അമേരിക്കയുമായി മാത്രം ചര്‍ച്ച നടത്തിയാല്‍ മതി. യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം പൂര്‍ണായും അഫ്ഗാനില്‍ നിന്ന് പിന്‍മാറുക മാത്രമാണ് പരിഹാരമെന്നും താലിബാന്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.സൗദിയിലാണ് താലിബാന്‍-അമേരിക്ക ചര്‍ച്ച നേരത്തെ തീരുമാനിച്ചിരുന്നത്. ചര്‍ച്ചയില്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. എന്നാല്‍ താലിബാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവച്ചത്. അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇല്ലാതെയാണ് ഇപ്പോള്‍ ദോഹയിയില്‍ ചര്‍ച്ച നടക്കുന്നത്.നേരത്തെ പാകിസ്താനിലെയും ഇറാനിലെയും സര്‍ക്കാര്‍ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാന്‍ സര്‍ക്കാരുമായി താലിബാന്‍ കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു രണ്ടു രാജ്യങ്ങളും സമീപിച്ചത്. എന്നാല്‍ അമേരിക്കയും താലിബാനും തമ്മിലാണ് പ്രശ്‌നം. മറ്റൊരു രാജ്യങ്ങളും ചര്‍ച്ചയില്‍ ഇടപെടേണ്ടെന്നാണ് താലിബാന്റെ നിലപാട്.

2013ലാണ് താലിബാന് ദോഹയില്‍ ഓഫീസ് തുറന്നത്. സമാധാന ചര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു ഇത്. അമേരിക്ക തന്നെ മുന്‍കൈയ്യെടുത്താണ് ഓഫീസ് തുറന്നത്. അഫ്ഗാനില്‍ നിന്ന് പിന്‍മാറാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പിന്‍മാറ്റത്തിന് ശേഷം അഫ്ഗാന്‍ അസ്ഥിരമാകുമോ എന്ന ആശങ്ക വ്യാപകമാണ്.താലിബാന് വേണ്ടി തുറന്ന ഓഫീസില്‍ അല്ല ചര്‍ച്ച നടക്കുന്നത്. ഓഫീസിന് പുറത്ത് തിലിബാന്‍ തങ്ങളുടെ പഴയ ഭരണകൂടത്തിന്റെ പതാക ഉയര്‍ത്തിയത് മുമ്പ് വിവാദമായിരുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയത് കാരണം അന്ന് ചര്‍ച്ച മുന്നോട്ട് പോയില്ല. പിന്നീട് പതാക താഴ്ത്തി. ഇപ്പോള്‍ ദോഹയിലെ വിവിധ കേന്ദ്രങ്ങളിലാണ് ചര്‍ച്ച നടക്കാറ്.അമേരിക്ക വിദേശരാജ്യങ്ങളില്‍ നടത്തിയ അധിനിവേശത്തില്‍ ഇത്രയും കാലം നീണ്ട യുദ്ധമില്ല. ഒരു ലക്ഷം കോടി ഡോളറാണ് അമേരിക്കക്ക് അഫ്ഗാന്‍ യുദ്ധത്തില്‍ ചെലവായത്. പതിനായിരങ്ങള്‍ക്ക് ജീവനും നഷ്ടമായി. ബറാക് ഒബാമ പ്രസിഡന്റ് പദവി ഒഴിയുന്നതിന് തൊട്ടുമുമ്പാണ് അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം ആദ്യം പ്രഖ്യാപിച്ചത്.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം അഫ്ഗാന്‍ നയത്തില്‍ മാറ്റം വരുത്തി. അഫ്ഗാനിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരെ നിയോഗിച്ചു. യുദ്ധം വീണ്ടും ശക്തിപ്പെടുന്നുവെന്ന പ്രതീതിയുണ്ടായി. എന്നാല്‍ താലിബാന്റെ തിരിച്ചടി വീണ്ടും തുടര്‍ന്നു. പിന്നീട് ചര്‍ച്ച വേഗത്തിലാകുകയായിരുന്നു.14000 അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിലുള്ളത്. വിദേശ സൈന്യം അഫ്ഗാന്‍ വിടാതെ ചര്‍ച്ച വേഗത്തില്‍ തീരില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ സൈനികരില്‍ നിന്ന് ഒരു വിഭാഗത്തെ പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് അഫ്ഗാന്‍ ഭരണകൂടത്തിന് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈനികരുടെ ബലത്തിലാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ്.

Top