കിഴക്കൻ അഫ്ഗാനിൽ ഭൂകമ്പ രക്ഷാപ്രവർത്തനം മന്ദഗതിയിൽ

ഭൂകമ്പം തകർത്ത കിഴക്കൻ അഫ്ഗാനിൽ രക്ഷാപ്രവർത്തനം മന്ദഗതിയിൽ നീങ്ങുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ആവശ്യമായ യന്ത്രസാമഗ്രികളുടെ അഭാവം, ചികിത്സാ സൗകര്യങ്ങളുടെ കുറവ്, മരുന്ന്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ ദൗർലഭ്യം തുടങ്ങി പരാധീനതകൾ മാത്രമേ ഇവിടെയുള്ളൂ. ഇവിടെ അവശേഷിക്കുന്ന യുഎൻ സംഘടനകൾക്ക് വിദൂരസ്ഥമായ ഭൂകമ്പ മേഖലയിൽ സഹായം എത്തിക്കാനുള്ള സംവിധാനവുമില്ല.

എന്നാൽ, 90% രക്ഷാപ്രവർത്തനം പൂർത്തിയായതായി താലിബാൻ ഭരണകൂടം അറിയിച്ചതായി യുഎൻ പറയുന്നു. പാക്കിസ്ഥാനിൽ നിന്ന് 7 ലോറികളിൽ ടെന്റുകളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു. രക്ഷപ്പെട്ടവർ ഉറ്റവർക്കായി ഈ മൺകൂനകൾക്കിടയിൽ വെറുംകൈ കൊണ്ട് തിരയുന്നു. മിക്ക രാജ്യങ്ങളും താലിബാൻ ഭരിക്കുന്ന അഫ്ഗാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. പഖ്തിക, ഖോസ്ത് പ്രവിശ്യകളിൽ നാശം വിതച്ച ഭൂകമ്പത്തിൽ മരണം ആയിരത്തിലേറെയാണ്. പരുക്കേറ്റവർ 1500.

Loading...

ദുർഘടമായ ഹിന്ദുക്കുഷ് മലനിരകളിലാണ് ദുരന്തമെന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. മൺകട്ടകൾ കൊണ്ടുണ്ടാക്കിയ വീടുകൾ പൂർണമായി തകർന്നു. രാജ്യാന്തര സമൂഹം സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവ എത്തിക്കാനുള്ള സംവിധാനം ഇല്ല. കഴിഞ്ഞ വർഷം താലിബാൻ ഭരണമേറ്റതിനെ തുടർന്ന് പുറത്തുനിന്നുള്ള സഹായം നിലച്ചതിനാൽ ഗുരുതര പ്രതിസന്ധിയിലായിരുന്ന അഫ്ഗാനിലെ സ്ഥിതി ഭൂകമ്പം വഷളാക്കി.
പ്രഭവകേന്ദ്രത്തിനു സമീപമുള്ള ഗയാൻ പട്ടണത്തിലാണ് കൂടുതൽ നാശം. ഇവിടെ മിക്ക കെട്ടിടങ്ങളും തകർന്നടിഞ്ഞു.