മുത്തലാഖ് ചൊല്ലി മുറിയില്‍ പൂട്ടിയിട്ടു; യുവതി മരണത്തിന് കീഴടങ്ങി

ലഖ്‌നൗ: മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ ഭർത്താവ് മുറിയിലിട്ടു പൂട്ടി. ഒരു മാസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ യുവതി പട്ടിണി കിടന്നു മരിച്ചു. ഉത്തർപ്രദേശിലെ ബാരെയിലിലാണ് സംഭവം. ഫോണിലൂടെ തലാഖ് ചൊല്ലിയ ഇയാൾ യുവതിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.

റസിയ എന്ന യുവതിയെയാണ് ഭര്‍ത്താവായ റഹീം മുത്തലാഖ് ചൊല്ലി മുറിയില് പൂട്ടിയിട്ടത്. റസിയയെ മാസങ്ങളോളം മുറിയിൽ പൂട്ടിയിട്ടിരുന്നതായി ഇവരുടെ സഹോദരി ആരോപിച്ചു. ഇയാൾ റസിയയെ ശാരീരികമായി ഉപദ്രവിക്കുകയും വിവരം അറിഞ്ഞ സഹോദരി എത്തിയാണ് ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയില്‍ പരിശോധനയ്ക്കിടെ അവര്‍ മരണമടയുകയായിരുന്നു. അതേസമയം സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നഹിം റസിയയെ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരി പറഞ്ഞു. മുന്‍പ് വിവാഹിതനായ നഹിം മുന്‍ഭാര്യയോടും ക്രൂരമായാണ് പെരുമാറിയിരുന്നത്.

യു.പിയില്‍ മറ്റൊരു യുവതിയും മുത്തലാഖിന് ഇരയായിട്ടുണ്ട്. റൊട്ടി കരിഞ്ഞുപോയി എന്ന കാരണത്താലാണ് ഭര്‍ത്താവ് മൊഴിചൊല്ലിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ വിവാഹിതരായത്. എരിയുന്ന സിഗരറ്റ് കൊണ്ട് ഭര്‍ത്താവ് തന്നെ പൊള്ളിച്ചിരുന്നതായും മൊഴി ചൊല്ലുന്നതിന് മൂന്നു ദിവസം മുന്‍പ് വരെ ഇത്തരത്തില്‍ പീഡനം ഏറ്റിരുന്നതായും അവര്‍ പറഞ്ഞു. മുത്തലാഖ് ചൊല്ലുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് സുപ്രീം കോടതി ശക്തമായ നടപടി സ്വീകരിച്ചതിനു ശേഷമാണ് ഇത്തരം സംഭവങ്ങൾ വീണ്ടും രാജ്യത്ത് ആവര്‍ത്തിക്കുന്നത്.

Top