പാകിസ്താനുമായി ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ അടുക്കുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്ക

റിയാദ്: പാകിസ്താനുമായി എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും അടുത്ത ബന്ധമാണ്. പാകിസ്താനുമായി അടുപ്പം നിലനിര്‍ത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. നവാസ് ഷെരീഫ് പ്രധാനമന്ത്രി ആയ വേളയില്‍ ഈ ബന്ധം കൂടുതല്‍ ശക്തമായിരുന്നു. ഗള്‍ഫ് പ്രതിസന്ധിയില്‍ പക്ഷംപിടിക്കാതെ നവാസ് ഷെരീഫ് ശ്രദ്ധിക്കുകയും ചെയ്തു.

നവാസ് ഷെരീഫ് മാറി ഇമ്രാന്‍ ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ആയപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ ഈ ബന്ധം നിലനിര്‍ത്തുന്നു. മുസ്ലിം രാജ്യങ്ങളിലെ പ്രധാന സൈനിക ശക്തിയാണ് പാകിസ്താന്‍. മാത്രമല്ല ഏക ആണവ ശക്തിയും പാകിസ്താനാണ്. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്കും അടുത്ത ബന്ധമാണ്. എന്നാല്‍ പാകിസ്താനുമായി ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ അടുക്കുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. സൗദിയും യുഎഇയും ഖത്തറും പാകിസ്താന് കോടികളുടെ സഹായമാണ് നല്‍കുന്നത്.

പാകിസ്താനും ചൈനയും അടുത്ത ബന്ധമാണ്. പാകിസ്താനിലൂടെ ചൈന നടപ്പാക്കുന്ന പ്രത്യേക സാമ്പത്തിക ഇടനാഴി നിലവില്‍ സാമ്പത്തിക പ്രതിസന്ധി മൂലം മുന്നോട്ട് പോകുന്നതിന് തടസം നേരിടുന്നുണ്ട്. ചൈന മതിയായ ഫണ്ട് നല്‍കുന്നു. എന്നാല്‍ പാകിസ്താന് അവരുടെ പങ്ക് കൃത്യമായി നല്‍കാന്‍ സാധിക്കുന്നുമില്ല. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്ക് ഇന്ത്യ എതിരാണ്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കൈയ്യേറിയാണ് പാത പോകുന്നതെന്ന് ആരോപണമുണ്ട്. മാത്രമല്ല, പാകിസ്താനിലും ഒരു വിഭാഗം പദ്ധതിക്ക് എതിരാണ്. ചൈന പാകിസ്താനെ കോളനിയാക്കുന്നു എന്നാണ് ഇവരുടെ ആരോപണം.അമേരിക്കയുടെ സാമ്പത്തിക സഹായം പാകിസ്താനുണ്ടായിരുന്നു. ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് സഹായമായിട്ടാണ് അമേരിക്ക ഈ ഫണ്ട് കൈമാറിയിരുന്നത്. എന്നാല്‍ ലഭിക്കുന്ന ഫണ്ട് പാകിസ്താന്‍ വക മാറ്റുന്നുവെന്നാണ് അമേരിക്കയുടെ ആരോപണം. ഭീകരവിരുദ്ധ നീക്കങ്ങളില്‍ പാകിസ്താന് ആത്മാര്‍ഥതയില്ലെന്നും അമേരിക്ക ആരോപിക്കുന്നു.

ഈ സാഹചര്യത്തില്‍ പാകിസ്താന് നല്‍കിവരുന്ന ഫണ്ട് അമേരിക്ക നിര്‍ത്തി. ഇതോടെ പാകിസ്താന്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിലാണ് സൗദിയും യുഎഇയും ഖത്തറും സഹായത്തിന് എത്തിരിക്കുന്നത്. പാകിസ്താനിലെ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്.പാകിസ്താന് പൊതുകടം വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് സൗദിയും യുഎഇയും സാമ്പത്തിക സഹായം ചെയ്യുന്നത്. 620 കോടി ഡോളറിന്റെ സഹായം നല്‍കാനാണ് യുഎഇ തീരുമാനിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം സഹായങ്ങള്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.320 കോടി ഡോളറിന്റെ എണ്ണയാണ് യുഎഇ സഹായമായി നല്‍കുക. 300 കോടി ഡോളര്‍ പണമായും നല്‍കും. യുഎഇ കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഞായറാഴ്ച പാകിസ്താനില്‍ എത്തുന്നുണ്ട്. ഈ വേളയില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് ധനസഹായം സംബന്ധിച്ച് അന്തമ രൂപമായതെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സമാനമായ സാമ്പത്തിക സഹായം സൗദിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറും സഹായത്തിന് തയ്യാറായിട്ടുണ്ട. ഖത്തറുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ച സഹായം തേടിയിരുന്നു. സൗദി, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി 790 കോടി ഡോളറിന്റെ എണ്ണയും വാതകവുമാണ് പാകിസ്താന് ലഭിക്കുക. വര്‍ഷത്തില്‍ പാകിസ്താന്‍ ഇറക്കുമതി ചെയ്യുന്ന ബില്ല് 1300 കോടി ഡോളറോളം വരും. ഇതിന്റെ പകുതിയില്‍ അധികമാണ് ഇരുരാജ്യങ്ങളില്‍ നിന്ന സഹായമായി ലഭിക്കാന്‍ പോകുന്നത്.അന്താരാഷ്ട്ര ഇസ്ലാമിക് ട്രേഡ് ഫിനാന്‍സ് കോര്‍പറേഷന്‍ വഴിയും സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. ഐടിഎഫ്‌സി വഴി ലഭിക്കുന്നതടക്കം സൗദിയും യുഎഇയും പാകിസ്താന് നല്‍കുന്ന മൊത്തം സാമ്പത്തിക സഹായം 1400 കോടി ഡോളര്‍ വരും. പാകിസ്താനെ സാമ്പത്തികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗദിയും യുഎഇയും പാകിസ്താനില്‍ നിക്ഷേപം ഇറക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പാകിസ്താനും യുഎഇയും ചേര്‍ന്ന് എണ്ണ ശുദ്ധീകരണ-സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ ചര്‍ച്ച നടക്കുകയാണ്. സൗദിയുടെ സഹായത്തോടെ പെട്രോ കെമിക്കല്‍സ് കോംപ്ലക്‌സ് സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്.

Top