മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയ മണ്ണിലേയ്ക്ക് അവര്‍ വീണ്ടും ;വീണ്ടും കണ്ണീര്‍ കടലായി മഹാരാജാസ്

കൊച്ചി: മകന്റെ ചേതനയറ്റം ശരീരം ഏറ്റുവാങ്ങിയ മഹാരാജാസിലേയ്ക്ക് ഒരിക്കല്‍ കൂടി എത്തിയ അഭിമന്യുവിന്റെ അച്ഛന്‍ മനോഹരനെയും അമ്മ ഭൂപതിയെയും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സ്വീകരിച്ച് സഹപാഠികളും വിദ്യാര്‍ത്ഥികളും. പക്ഷേ അഭിവാദ്യങ്ങളും മറ്റും ഉയരുമ്പോഴും മഹാരാജാസ് ഇടനാഴികള്‍ കേട്ടത് നാന്‍ പെറ്റ മകനേ എന്ന അമ്മയുടെ നോവ് മാത്രമായിരുന്നു. ആ നിമിഷനേരത്തേയ്ക്ക് കോളേജും കണ്ണീര്‍ കടലായി മാറി.

അഭിമന്യുവിന്റെ നാടായ ഇടുക്കി വട്ടവട കൊട്ടക്കമ്പൂരില്‍ നിന്ന് മനോഹരനും ഭൂപതിയുമായി വന്ന വാഹനം കോളേജ് ഗേറ്റ് കടന്നപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് കൂട്ടുകാര്‍ വരവേറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ് ഇരുവരും കാറില്‍ നിന്നറിങ്ങുകയായിരുന്നു. ആ വിതുമ്പിലിനു മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ക്കും സങ്കടം അടക്കാനായില്ല. അവരും വിതുമ്പി. അഭിമന്യുവിനൊപ്പം കുത്തേറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അര്‍ജുനും മറ്റു കൂട്ടുകാരും ചേര്‍ന്ന് അമ്മയെ താങ്ങി.

വേദിയില്‍ അഭിമന്യുവിന്റെ ചിരി നിറഞ്ഞുനിന്ന ഛായാ ചിത്രത്തിന് മുന്നില്‍ ഇരുവരും പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാനാവാതെ അഭിമന്യുവിന്റെ സുഹൃത്തുക്കളും കണ്ണീരണിഞ്ഞു. ഏവര്‍ക്കും പ്രിയങ്കരനായിരുന്ന അഭിമന്യുവിന്റെ ദീപ്തസ്മരണയില്‍ കലാലയ യൂണിയന്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ അവന്റെ മാതാപിതാക്കളുടെ സാന്നിദ്ധ്യം വേണമെന്ന് കൂട്ടുകാര്‍ ആഗ്രഹിച്ചു.അവരുടെ ക്ഷണപ്രകാരമാണ് ഇരുവരും എത്തിയത്. മഹാരാജാസിന്റെ ചുവരില്‍ അഭിമന്യു അവസാനം എഴുതിയ ‘വര്‍ഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യത്തിന്റെ സ്പാനിഷ് പദമായ ‘ഒഡിയോ കമ്മ്യൂണല്‍’ എന്നായിരുന്നു ചടങ്ങിന് നല്‍കിയ പേര്. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ ജഗദീശന്‍ അദ്ധ്യക്ഷനും നടന്‍ ഹരിശ്രീ അശോകന്‍ മുഖ്യാതിഥിയുമായി.

Top