യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം;പാടത്ത് പണി എടുക്കവെ ദളിത് സ്ത്രീയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാല്‍സംഗം. അലിഗഡില്‍ ദളിത് സ്ത്രീയെ പീഡിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇതിനിടെ നിയമ വിരുദ്ധമായി തടഞ്ഞു വച്ചിരിക്കുകയാണെന്ന് കാണിച്ച് ഹാഥ്‌റസ് പെണ്കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഇടത് എം പിമാര്‍ ഞായറാഴ്ച ഹാഥ്‌റസ് സന്ദര്‍ശിക്കും.ഹാഥ്‌റസ് സംഭവത്തിന് സമാനമായ രീതിയിലാണ് അലിഗഡിലെ പീഡനവും അരങ്ങേറിയത്. അലിഗഡിലെ ക്വരസി ഗ്രാമത്തിലായിരുന്നു സംഭവം. പാടത്ത് പണി എടുക്കവേ ദളിത് സ്ത്രീയെ നാലു പേര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാള്‍ ചിത്രീകരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

വീട്ടില്‍ നിയമ വിരുദ്ധമായി തടഞ്ഞു വച്ചിരിക്കുകയാണെന്ന് കാണിച്ചാണ് ഹാഥ്‌റസ് പെണ്കുട്ടിയുടെ കുടുംബം ജില്ലാ ഭരണകൂടത്തിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 29 മുതല്‍ വീട്ടിന്റെ പുറത്ത് പോകാന്‍ അനുവദിക്കുന്നില്ല, ആരോടും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. നിയമ വിരുദ്ധ തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസില്‍ നിക്ഷപക്ഷ അന്വേഷണം ആവശ്യപ്പെട്ട് പ്രതികള്‍ എസ് പിക്ക് കത്ത് എഴുതി. ഹാഥ്റസില്‍ ഇടത് എംപിമാര്‍ ഞായറാഴ്ച സന്ദര്‍ശനം നടത്തും. സിപിഐ (എം), സിപിഐ, ലോക് താന്ത്രിക് ജനതാദള്‍ എന്നീ പാര്‍ട്ടികളുടെ എംപിമാരാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുക. രാജ്യദ്രോഹ കുറ്റം ചുമത്തി യു പി സര്‍ക്കാര്‍ ജയിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എം പി മാരായ ബിനോയ് വിശ്വം, ബെന്നി ബെഹനാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.

Loading...