സി.പി.ഐ.എമ്മില്‍ പ്രായപരിധി 80 ൽ നിന്ന് 75 ആക്കുന്നു… ഉയരുന്നത് പിണറായി തുടരുമോ എന്ന ചോദ്യം

തിരുവനന്തപുരം: സി.പി.ഐ.എമ്മില്‍ പ്രായ പരിധി 75 ആയി നിശ്ചയിച്ചു. പുതിയ പ്രായപരിധി നിലവില്‍ വരുന്നതോടെ ഒട്ടേറെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടുത്ത സമ്മേളനത്തില്‍ പുറത്താവും.

പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഉള്‍പ്പെടെ പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായം 75 ആക്കി മാറ്റാനാണ് പുതിയ നിര്‍ദേശം. നിലവില്‍ 80 വയസ്സാണ് പ്രായപരിധി. 80 വയസ്സ് കഴിഞ്ഞവരും പ്രത്യേക ഇളവു നല്‍കി പാര്‍ട്ടിയില്‍ തുടരുന്നുണ്ട്.

Loading...

സംസ്ഥാന കമ്മിറ്റികളില്‍ അതിനും താഴെ പ്രായപരിധിയാണ് പുതുതായി നിര്‍ദേശിച്ചിട്ടുള്ളത്. സംസ്ഥാന കമ്മിറ്റിയില്‍ പ്രായ പരിധി 65 ആക്കുക എന്നതാണ് കേരളത്തില്‍ പരിഗണിക്കപ്പെടുന്നത്.

രണ്ടു സമ്മേളന കാലയളവിനിടെയാണ് പ്രായപരിധി പിന്നിടുന്നതെങ്കില്‍ അതിന്റെ പേരില്‍ ആദ്യ സമ്മേളനത്തില്‍ ഒഴിവാക്കില്ല.
അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായ സമ്മേളനങ്ങളിലാകും പ്രായപരിധി നടപ്പില്‍ വരികയെങ്കിലും അതു മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പോഷകസംഘടനകളിലെല്ലാം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. പുതിയ സി.ഐ.ടി.യു കമ്മിറ്റികളിലും ഭാരവാഹികളിലും 25 ശതമാനം സ്ത്രീകളാണ്. ഈ മാസം നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിലും ഇത് നടപ്പാക്കും.

പ്രായപരിധി നിലവില്‍ വന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇതില്‍ വരുമോ എന്നതാണ് മറ്റൊരു ചര്‍ച്ച. 2021ലെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് ആവുമ്പോഴേക്കും 75 വയസ്സെന്ന പ്രായ പരിധി പിണറായി വിജയന്‍ പിന്നിടും.അതുപോലെ എസ്. രാമചന്ദ്ര പിള്ള, പി. കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവരും കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാകും.

പ്രായപരിധി കർശനമാക്കിയാൽ അടുത്ത തവണ പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി എന്നിവയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടുമോ എന്നതാകും ആദ്യ ചർച്ചകളിലൊന്ന്. 75 വയസ്സ് പിന്നിട്ട ആനത്തലവട്ടം ആനന്തന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, എന്നിവരും നിലവില്‍ പാര്‍ട്ടിയിലുണ്ട്.

ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ പുതുതായി സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കാത്ത പശ്ചിമ ബംഗാള്‍ ശൈലിയാണ് ചര്‍ച്ചയായത്. ഈ മോഡല്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടു വരാന്‍ ആണ് പാര്‍ട്ടി തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഉയര്‍ന്ന പ്രായപരിധി 80 വയസ്സായി നിശ്ചയിക്കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്.

പ്രാദേശിക കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം വ്യത്യസ്തമായ രീതിയിലാണ്. കേരളത്തില്‍ ഏരിയ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം 19ല്‍നിന്ന് 21 ആക്കി ഉയര്‍ത്താന്‍ നിര്‍ദേശമുണ്ട്. ഈ കമ്മിറ്റികളില്‍ രണ്ടുപേര്‍ വനിതകളും അത്രതന്നെ യുവാക്കളുമായിരിക്കണം.

കേരളത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ ഗണ്യമായ വിഭാഗം എയ്ഡഡ് സ്‌കൂള്‍ അധ്യാപകരും സഹകരണ ജീവനക്കാരുമാണ്. ഉയര്‍ന്ന കമ്മിറ്റികളില്‍ ഇത്തരം ആളുകളെ പരിഗണിക്കേണ്ട എന്നും നിര്‍ദേശിക്കുന്നു. മുഴുവന്‍സമയ പ്രവര്‍ത്തകരെയാണ് പരിഗണിക്കേണ്ടത്.

പാര്‍ട്ടി കമ്മിറ്റികളില്‍ അംഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 80 ആയി നിശ്ചയിക്കുന്നത് സി.പി.എമ്മിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു.. അനുഭവജ്ഞാനമുള്ള മുതിര്‍ന്ന നേതാക്കളെ ഏത് കമ്മിറ്റികളിലും ക്ഷണിതാവായി ഉള്‍പ്പെടുത്താം. അവര്‍ക്ക് വോട്ടവകാശം ഉണ്ടാവില്ലെന്നുമാത്രം എന്നതാരുന്നു മുൻ തീരുമാനം.