എറണാകുളം: ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സിനെതിരെ നിയമനടപടിയുമായി സ്വകാര്യ ആശുപത്രി. പൃഥ്വിരാജ്, സുരാജ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ചിത്രത്തിനെതിരെ മാനനഷ്ടക്കേസുമായി രംഗത്തെത്തിയിരിക്കുന്നത്. അഹല്യ ഹോസ്പിറ്റല്‍ അധികൃതരാണ് ചിത്രത്തിനെതിരെ നടപടിയുമായി രംഗത്ത് എത്തിയത്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ തങ്ങളുടെ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഹോസ്പിറ്റല്‍ അധികൃതര്‍ ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥിരാജ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെയാണ് അഹല്യ ഫൗണ്ടേഷന് മാനനഷ്ടക്കേസ് നല്കിയിക്കുന്നത്. നയൺ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിനു ശേഷം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് നിർമ്മിച്ച ചിത്രം കൂടിയായിരുന്നു ഡ്രൈവിങ് ലൈസൻസ്.
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം, സെൻസർ ബോർഡ് തുടങ്ങിയവരും എതിർകക്ഷികളാണ്. പൃഥ്വിരാജിനൊപ്പം തിരക്കഥാകൃത്തായ സച്ചി, സംവിധായകന് ലാല്‍ ജൂനിയര്‍, ലിസ്റ്റിന് സ്റ്റീഫന്‍, സുപ്രിയ മേനോന് എന്നിവര്‍ക്കെതിരെയും നിയമനടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് മെഡിക്കല്‍ ഓഫീസര്‍ സജീവ് ചെറിയാന് ജേക്കബ്, ഗ്രൂപ്പ് എംഡി എന്‍ ഭുവനചന്ദ്രന് എന്നിവര്‍ നേരത്തെ അറിയിച്ചിരുന്നു.
ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തില്‍ നായകനായ പൃഥിരാജ് പലവട്ടം അഹല്യാ ഗ്രൂപ്പിന്റെ പേര് മോശമായി പരാമര്‍ശിച്ചുവെന്നാണ് സ്ഥാപന അധികൃതര്‍ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി സംസ്കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും ഗ്രൂപ്പ് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രം ഡിസംബര്‍ 20 നാണ് തിയറ്റുറുകളിലെത്തിയത്. ഹരീന്ദ്രന്‍ എന്ന സിനിമാ സൂപ്പര്‍സ്റ്റാറായാണ് പ്രിഥിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. ഹരീന്ദ്രന്റെ ആരാധകനും വെഹിക്കിൾ ഇൻസ്പെക്ടറുമായ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്
സ്ഥാപനത്തെ മനഃപൂർവം അവഹേളിക്കാനുള്ള ശ്രമമാണ് സിനിമയിൽ ഉണ്ടായിട്ടുള്ളതെന്നാണ് ആരോപണം. സിനിമയിലെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ തിരക്കഥാകൃത്ത് സച്ചി, സംവിധായകൻ ലാൽ ജൂനിയർ, അഭിനേതാവായ പ്രിഥ്വിരാജ്, നിർമ്മാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്ക് അഹല്യ ഗ്രൂപ്പ് മാനേജ്മെൻറ് നേരത്തെ വക്കീല്‍ നോട്ടീസും അയച്ചിരുന്നു