പൗരത്വ നിയമ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് ഒവൈസി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പൗരത്വ നിയമ ഭേദഗതി ബില്‍ കീറിയെറിഞ്ഞ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ പ്രതിഷേധം. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ആരോപിച്ചായിരുന്നു ഒവൈസിയുടെ പ്രവൃത്തി. ഇത് രണ്ടാം വിഭജനമാണ്. ചൈനയില്‍ നിന്നുമുളള അഭയാര്‍ത്ഥികളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല?. സര്‍ക്കാരിന് ചൈനയെ പേടിയാണോ എന്നും ഒവൈസി ചോദിച്ചു. ഭരണഘടനയ്ക്ക് എതിരാണ് ബില്‍. സ്വാതന്ത്ര്യ സമരസേനാനികളോട് അനാദരവ് കാണിക്കുകയാണ്. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഈ ബില്‍ താന്‍ കീറിയെറിയുകയാണെന്ന് പറഞ്ഞായിരുന്നു ഒവൈസിയുടെ പ്രവൃത്തി.
പൗരത്വ നിയമ ഭേദഗതി ബില്ലിനെ രാജ്യത്തെ 130 കോടി ജനങ്ങള്‍ അനുകൂലിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പുറത്തിറക്കിയ പ്രകടനപ്രതികയില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നു. ഈ രണ്ട് തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചത് പൗരത്വ നിയമഭേദഗതിയിലുളള ജനങ്ങളുടെ പിന്തുണയെ കാണിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.

ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസ്, ഇതിനെ മണ്ടത്തരമെന്നാണ് വിളിച്ചത്.ആര്‍ട്ടിക്കിള്‍ 14ല്‍ പറയുന്ന തുല്യതയ്ക്കുളള അവകാശത്തിന്റെ ലംഘനമാണ് ഈ ബില്‍. ഇത് വിവേചനപരമാണ്.കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതില്‍ തങ്ങള്‍ എതിരല്ല. എന്നാല്‍ ഈ ബില്‍ രാജ്യാന്തര നിയമങ്ങളും ഭരണഘടനയുടെ തത്വങ്ങളും ലംഘിക്കുന്നതാണെന്ന് മനീഷ് തിവാരി പറഞ്ഞു.
വോട്ടെടുപ്പിലൂടെയാണ് ബില്ലിന് സഭ ഇന്ന് അവതരണാനുമതി നല്‍കിയത്. 293 പേര്‍ ബില്‍ അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചു. എതിര്‍പ്പു പ്രകടിപ്പിച്ചത് 82 പേര്‍.

Loading...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വച്ചപ്പോള്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. ഇടതു പാര്‍ട്ടികളും എന്‍സിപിയും മുസ്ലിംലീഗും ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. ശിവസേനയും ടിഡിപിയും ഉള്‍പ്പെടെയുള്ളവര്‍ അനുകൂലിച്ചു രംഗത്തെത്തി.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസിന്റെ സഭാനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. രാജ്യത്തിന്റെ മതേതരഘടനയ്‌ക്കെതിരാണ് പൗരത്വ ഭേദഗതി ബില്ലെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ അതു ലംഘിക്കുന്നതായും ആര്‍എസ്പി അംഗം എന്‍കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. മുസ്ലീം ലീഗ് എം പി പികെ കുഞ്ഞാലിക്കുട്ടി, തൃണമൂല്‍ എം പി സൗഗത റോയ്, അസദുദ്ദീന്‍ ഉവൈസി തുടങ്ങിയവരും ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു.

കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, മുസ്ലീം ലീഗ്, ഡിഎംകെ, എന്‍സിപി എന്നീ പാര്‍ട്ടികളാണ് ബില്ലിനെ എതിര്‍ത്തത്. അതേസമയം ശിവസേനയും ടിഡിപിയും ബിജു ജനദാദളും ബില്ലിനെ അനുകൂലിച്ചു. വന്‍ പ്രതിഷേധം ആണ് ബില്‍ അവതരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ലോക്‌സഭയില്‍ ഉയര്‍ത്തിയത്. പ്രതിഷേധിച്ച് പുറത്തുപോകരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ അല്ലാത്ത അഭയാര്‍ഥികളെ എളുപ്പത്തില്‍ ഇന്ത്യന്‍ പൗരന്മാരാക്കുന്നതാണ് ഈ വിവാദ ബില്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

എന്നാല്‍ ബില്‍ .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ മറുപടി നല്‍കാമെന്നും ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു.