ദില്ലി: രാജ്യത്ത് കൊവിഡ് സമൂഹവ്യാപനം ഉണ്ടായതിന് തെളിവില്ലെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. എന്നാല്‍ പ്രാദേശിക വൈറസ് പടരുന്ന ചില ഹോട്ട്സ്പോട്ടുകള്‍ രാജ്യത്തുടനീളം ഉണ്ടെന്നും രണ്‍ദീപ് ഗുലേറിയ. അതേസമയം കേസുകള്‍ വര്‍ദ്ധിക്കുന്ന നഗരങ്ങളില്‍ പോലും ഹോട്ട്സ്പോട്ടുകള്‍ ഉണ്ടെന്നും ആ പ്രദേശങ്ങളില്‍ പ്രാദേശിക സാമൂഹികവ്യാപനം നടക്കാന്‍ സാധ്യതയുണ്ടെന്നും രണ്‍ദീപ് ഗുലേറിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇ്ക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കൊവിഡ് പ്രതിദിന വര്‍ധനയില്‍ ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമതായി. ഓഗസ്റ്റ് രണ്ടാം വാരം ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലാകുമെന്നാണ് വിലയിരുത്തല്‍. മൂന്ന് ദിവസത്തില്‍ ഒരു ലക്ഷം പുതിയ രോഗികള്‍ എന്നതാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ചിത്രം.
അതേസമയം രാജ്യത്ത് രണ്ടോ മുന്നോ ദിവസത്തിനകം പ്രതിദിന വര്‍ധന അമ്പതിനായിരം കടന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലിനെക്കാള്‍ മുകളിലാണ് ഇന്ത്യയിലെ പ്രതിദിന വര്‍ധന. മുപ്പതിനായിരത്തില്‍ താഴെയാണ് ഇപ്പോള്‍ ബ്രസീലിലെ പ്രതിദിന വര്‍ധന. ഇന്നലെ രണ്ടര ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് രാജ്യത്ത് നാല്‍പതിനായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് 60 ശതമാനത്തിന് മുകളിലാണെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഇതിലും നേരിയ കുറവുണ്ടാവുകയും ചെയ്തിട്ടുണ്ട്.