എയര്‍ ഇന്ത്യയില്‍ മാംസാഹാരം നിരോധിച്ചു

ന്യൂഡല്‍ഹി: മാംസാഹാരപ്രിയരായ യാത്രികരെ വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് എയര്‍ ഇന്ത്യ പുറത്തുവിട്ടത്. എയര്‍ ഇന്ത്യയില്‍ മാംസാഹാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇക്കോണമി ക്ലാസിലെല്ലാം ഇനി സസ്യാഹാരം മാത്രമേ ലഭ്യമാവുകയുള്ളൂ.
ചെലവ് ചുരുക്കലിന്റെ പേരുപറഞ്ഞ് ഇക്കോണമി ക്ലാസ് മെനുവില്‍നിന്ന് സസ്യേതര വിഭവങ്ങള്‍ എയര്‍ ഇന്ത്യ വെട്ടിമാറ്റി. ഇക്കോണമി ക്ലാസില്‍ ഇനി സസ്യാഹാരമേ വിളന്പൂ എന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വിനി ലോഹന്‍ പറഞ്ഞു.
എന്നാല്‍, എയര്‍ ഇന്ത്യയിലെ ബിസിനസ് ക്ലാസിലും അന്താരാഷ്ട്ര സര്‍വീസിലും ഇറച്ചിയും മീനും വിളമ്പും. 90 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ആഭ്യന്തര യാത്രകളില്‍ സസ്യാഹാരം മാത്രമേ വിളമ്പൂ. ചെലവും ഭക്ഷണത്തിന്റെ അവശിഷ്ടവും കുറയ് ക്കാനാണിതെന്നാണ് ന്യായീകരണം.
ബീഫ്-മത്സ്യ നിരോധനത്തിന്റെ ഭാഗമാണിതെന്ന് വ്യാപകമായ ആരോപണമുണ്ട്. ഈ തീരുമാനം അംഗീകാരിക്കാനാകില്ലെന്ന് എയര്‍ ഇന്ത്യ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡി. സുധാകര്‍ റെഡ്ഢി പറഞ്ഞു.