ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകവ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്‍മാരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. വുഹാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഉടന്‍ തന്നെ എയര്‍ ഇന്ത്യ വിമാനം വുഹാനിലേക്ക് പുറപ്പെടും.ചൈനയുടെ അനുമതി ലഭിച്ച ശേഷമാണ് വിമാനം പുറപ്പെടുന്നത്.
മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുന്നത്. വിമാനത്തിന് ഇറങ്ങാനുള്ള അനുമതി ചൈന നല്‍കി. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കത്തെ തുടര്‍ന്നാണ് ചൈന അനുമതി നല്‍കിയത്. നേരത്തെ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗം ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി സംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നല്‍കിയിരുന്നു.
പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിസയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്പോര്‍ട്ട് ചൈനീസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളവരാണ് വിവരങ്ങള്‍ കൈമാറേണ്ടത്. പാസ്പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഇ മെയില്‍ ഐ.ഡിയും തയ്യാറാക്കിയിട്ടുണ്ട്. എംബസിയുടെ മൂന്ന് ഹോട്ട്ലൈനുകള്‍ക്ക് പുറമെയാണിത്.
ചൈനയെ ആശങ്കയിലാക്കിയിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.വൈറസ് ബാധ ഏറ്റവുമാദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് പ്രദേശത്തെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. അതിന് പുറമെ യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വുഹാന് സമീപമുള്ള വിമാനത്താവളത്തിലേക്ക് പ്രത്യേക വിമാനം ഇന്ത്യ അയച്ച് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലേക്ക് എത്തിക്കാന്‍ നടപടി വേണമെന്നാണ് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
വൈറസ് ബാധ ഏറ്റവുമാദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് പ്രദേശത്തെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. അതിന് പുറമെ യിച്ചാങ് നഗരത്തിലും രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.