എയർ കേരള നടപ്പിലാകും. കേന്ദ്രസർക്കാർ ഇളവു നല്കി.

ദില്ലി: പ്രവാസികൾക്കായുള്ള കേരളത്തിന്റെ സ്വന്തം വിമാന സർവ്വീസ് എയർകേരള യാഥാർത്യത്തിലേക്ക്. കേന്ദ്ര സർക്കാർ വിമാന സർവീസ് തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവു വരുത്തി. കേരളാ സർക്കാരിന്റെ ആവശ്യം പരിഗണിച്ചുകൂടിയാണ്‌ കേന്ദ്രത്തിന്റെ പുതിയ തീരുമാനം.വിദേശ ലൈസൻസിന് അഞ്ചു വർഷത്തെ ആഭ്യന്തരസർവീസെന്ന വ്യവസ്ഥ ഒഴിവാക്കും. 600 ആഭ്യന്തരസർവീസ് നടത്തിയവർക്ക് ഗൾഫ് സർവീസ് അനുവദിക്കാമെന്നുമാണ് ശുപാർശ. ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രിസഭാ യോഗം ഉടൻ പരിഗണിക്കും. ഈ രണ്ടു നിർദേശങ്ങൾ അംഗീകരിക്കുകയാണെങ്കിൽ എയർ കേരളയ്ക്കു വീണ്ടും ചിറക് മുളയ്ക്കും.

എയർ കേരളയ്ക്കു വിദേശത്തേക്ക് സർവീസ് നടത്തുന്നതിൽ രണ്ട് നിബന്ധനകളായിരുന്നു തടസമായി നിന്നിരുന്നത്. ഇതിൽ ഒരെണ്ണം അഞ്ചു വർഷം ആഭ്യന്തര സർവീസ് നടത്തി പരിചയം വേണമെന്നതായിരുന്നു. രണ്ടാമത്തേത് 20 വിമാനങ്ങൾ സ്വന്തമായി വേണം എന്നതും. എന്നാൽ കേരളത്തിന്റെ അഭ്യർഥനമാനിച്ച് 20 വിമാനങ്ങൾ വേണമെന്ന നിബന്ധനയിൽ കേന്ദ്ര സർക്കാർ ഇളവു നൽകിയിരുന്നു.

Loading...

അഞ്ചു വർഷത്തെ ആഭ്യന്തര സർവീസ് വേണമെന്നത് മറ്റൊരു തടസമായിരുന്നു. പുതിയ ശുപാർശ അംഗീകരിക്കുകയാണെങ്കിൽ കേരളം ഈ കടമ്പയും കടക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയം രൂപം നൽകിയ മന്ത്രാലയ സമിതിയാണ് ശുപാർശ നൽകിയിരിക്കുന്നത്. 300 കോടി രൂപയാണ് എയർ കേരളയുടെ പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമുള്ളത്. ഇതിൽ 26% സർക്കാർ വഹിക്കും. ബാക്കി തുക ഒാഹരിയിലൂടെ കണ്ടെത്താനായിരുന്നു പദ്ധതി.