ഇനി വിമാനയാത്രയ്ക്ക് പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണ്ട… മുഖം കാണിച്ചാൽ മതി

ദുബായ് : ഇനി വിമാനയാത്ര ബുക്ക് ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും വേണ്ട. ടിക്കറ്റ് ചെക്കിങ് കൗണ്ടര്‍ മുതല്‍ വിമാനത്തിലേയ്ക്ക് കയറും വരെയുള്ള നടപടികളെല്ലാം മുഖം കാണിച്ച് മാത്രം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വരുന്നു.

ജിഡിആര്‍എഫ്എ ദുബായും എമിറേറ്റ്‌സ് എയര്‍ലൈന്‍സും പരസ്പര സഹകരണത്തോടെയാണ് ഇത്തരമൊരു സംവിധാനം ദുബായ് രാജ്യാന്തര വിമാനത്താളത്തില്‍ നടപ്പാക്കുന്നത്.

Loading...

‘ബയോമെട്രിക് യാത്രാ നടപടി’ എന്ന് പേരിട്ട ഈ സംവിധാനത്തിന് പാസ്‌പോര്‍ട്ട് മാത്രമല്ല ബോഡിങ് പാസ്‌പോലും ആവശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ്‌വെയര്‍ അതാത് സമയത്ത് വേണ്ടതു ചെയ്യും.

ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇരട്ടകളെ പോലും വേര്‍തിരിച്ച് അറിയാന്‍ കഴിയുന്ന അത്യാധുനിക സോഫ്റ്റ്‌വെയറുകളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

വിമാന ടിക്കറ്റ് ചെക്കിങ് പവലിയന് മുന്നില്‍ സ്ഥാപിച്ച കാമറയില്‍ നോക്കുക എന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് എമിഗ്രേഷന്‍ നടപടിയ്ക്കുള്ള ഗേറ്റില്‍ സ്ഥാപിച്ച കാമറയില്‍ മുഖം കാണിച്ചാല്‍ സിസ്റ്റത്തിലുള്ള മുഖവും യാത്രക്കാരന്റെ മുഖവും ഒന്നാണെന്ന് ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേയ്ക്കുള്ള ഗേറ്റുകള്‍ ഒരോന്നായി തുറക്കപ്പെടും. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും.

ആദ്യ തവണ യാത്രക്കാരന്റെ പാസ്‌പോര്‍ട്ട് വിവരങ്ങളും മുഖവും സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ യാത്രയ്ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമില്ല. എല്ലാ ഘട്ടത്തിലും പാസ്‌പോര്‍ട്ട് ആവശ്യമില്ലെങ്കിലും ആവശ്യമായ രേഖകളെല്ലാം യാത്രികർ കയ്യില്‍ കരുതിയിരിക്കണം.