കൊറോണ വൈറസ് വായുവിലൂടെ പകരും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ നിലവിൽ ഇത് സ്ഥിരീകരിക്കാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടനാ അധികൃതർ പറയുന്നു. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രം പകരുന്ന രോഗമാണ് കൊവിഡെന്നാണ് ലോകാരോഗ്യ സംഘടന ആദ്യം പറഞ്ഞത്. വായിൽ നിന്നും മൂക്കിൽ നിന്നും തെറിക്കുന്ന സ്രവത്തിൽ നിന്നാണ് കൊവിഡ് പകരുന്നതെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഇതിന് പുറമെ നിലവിൽ വായുവിലൂടെയും രോഗം പകരുമെന്ന് വാദിക്കുകയാണ് ശാസ്ത്രജ്ഞർ.

കഴിഞ്ഞ ദിവസമാണ് വായുവിലെ ചെറിയ കണികകളിൽ പറ്റിപ്പിടിക്കാൻ കൊറോണ വൈറസിന് സാധിക്കുമെന്നും അതുകൊണ്ടുതന്നെ വായുവിലൂടെ രോഗം പകരുമെന്നും കാണിച്ച് 32 രാജ്യത്തെ 239 ശാസ്ത്രജ്ഞർ ചേർന്ന് ലോകാരോഗ്യ സംഘടനയ്ക്ക് കത്തയക്കുന്നത്. ‘പൊതുയിടങ്ങളിൽ, പ്രത്യേകിച്ച് കൂട്ടംകൂടിയ, അടഞ്ഞ് കിടക്കുന്ന, വായുസഞ്ചാരം തീരെ കുറഞ്ഞ സ്ഥലങ്ങളിൽ കൊറോണ വൈറസ് വായുവിലൂടെ പടരാണ് സാധ്യതയുണ്ടെന്ന് ഡബ്ല്യയുഎച്ച്ഒയുടെ ഇൻഫക്ഷൻ പ്രവിൻഷൻ കണ്ട്രോൾ ടെക്ക്‌നിക്കൽ ലീഡ് ബെനെഡേറ്റ അലഗ്രാൻസി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ വാദം സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.

Loading...

239 ശാസ്ത്രജ്ഞര്‍ പങ്കുവെച്ച അഭിപ്രായം ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരം സമ്പര്‍ക്കത്തിലൂടെ മാത്രമേ കോവിഡ് പകരുകയുള്ളൂ എന്നായിരുന്നു. പുതിയ നിര്‍ദേശങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലേക്ക് വിദഗ്ധര്‍ അയച്ചു നല്‍കുകയായിരുന്നു. പുതിയ നിഗമന പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടന തയാറാകണമെന്ന് കഴിഞ്ഞ ദിവസം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് – 19 രോഗം വായുവിലൂടെയും പകരാനുള്ള സാധ്യത തങ്ങൾ പരിഗണിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് രോഗവിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. വരും ദിവസങ്ങളിൽ രോഗം വ്യാപിക്കുന്ന രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന വ്യക്തമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.