യാത്രക്കാർക്ക് ആശ്വാസം, കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സൗജന്യമായി പുനഃക്രമീകരിക്കാം, റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ

Loading...

ശക്തമായ മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്ന് ഇന്റിഗോയും എയര്‍ ഇന്ത്യയും എയര്‍ഇന്ത്യ എക്സ്‍പ്രസും അറിയിച്ചു. മറ്റ് തീയ്യതികളിലേക്കോ മറ്റ് വിമാനങ്ങളിലോ യാത്ര പുനഃക്രമീകരിക്കുന്നതിനും അധിക ചാര്‍ജ് ഈടാക്കുകയില്ല.

എയര്‍ഇന്ത്യ എക്സ്‍പ്രസില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ റദ്ദാക്കാനോ പുനഃക്രമീകരിക്കാനോ വേണ്ടി കമ്പനിയുടെ സിറ്റി ഓഫീസകളെയോ അല്ലെങ്കില്‍ കോള്‍ സെന്ററുമായോ ബന്ധപ്പെടണം. ഓണ്‍ലൈനിലൂടെ റദ്ദാക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ചാര്‍ജ് ഈടാക്കും. ഇന്റിഗോ യാത്രക്കാര്‍ക്ക് കമ്പനിയുടെ വെബ്‍സൈറ്റ് വഴി ടിക്കറ്റുകള്‍ പുനഃക്രമികരിക്കൂകയോ റദ്ദാക്കുകയോ ചെയ്യാം.

Loading...

കൊച്ചിയില്‍നിന്ന് ദുബായിലേക്കും ദോഹയിലേക്കും ഇന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റി. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX 435 വിമാനം തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരിക്കും പുറപ്പെടുന്നത്. കൊച്ചി-ദോഹ വിമാനത്തിന് പകരമുള്ള തിരുവനന്തപുരം-ദോഹ വിമാനം രാത്രി 12.30ന് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. ഈ രണ്ട് വിമാനങ്ങളിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ പുതിയ സമയക്രമം അനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരണം. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കും.