ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്തു,ലാപ്ടോപ്പ് കസ്റ്റഡിയിലെടുത്തു

കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്തു. ലക്ഷദ്വീപ് പൊലീസാണ് ഐഷയെ വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ രണ്ടു മണിക്കൂർ നീണ്ടു നിന്നു.കവരത്തി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഫ്ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. ശേഷം ഇവരുടെ സഹോദരൻറെ ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹോദരൻറെ ബാങ്ക് ഇടപാട് രേഖകളും പൊലീസ് പരിശോധിച്ചു. പൊലീസിൻറെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്നാണ്ഐഷ സുൽത്താന പറയുന്നത്. ഉച്ചയോടെയായിരുന്നു കവരത്തി എസ്ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഐഷ സുൽത്താനയെ ചോദ്യം ചെയ്യാനായി കൊച്ചിയിൽ എത്തിയത്.

ഇൻഫോപാർക്ക് പൊലീസിൻറെ സഹായത്തോടെയാണ് സംഘം ഫ്ലാറ്റിലെത്തിയത്. ഈ സമയം പുറത്തായിരുന്ന ഐഷയോട് ഫ്ലാറ്റിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. മുമ്പ് ലക്ഷദ്വീപിൽ വിളിച്ച് വരുത്തി മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു കൂടുതൽ ചോദ്യം ചെയ്യൽ. ഐഷയുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുകയായിരുന്നു പൊലീസിൻറെ ലക്ഷ്യം. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ നടത്തിയ ബയോവെപ്പൺ എന്ന പരാമർശമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാൻ കാരണമായത്. കേസിൽ ഐഷക്ക് മുൻകൂർ ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

Loading...