ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് മുക്തി : അമിതാഭ് ബച്ചനും അഭിഷേകും ചികിത്സയിൽ തുടരും

മുംബൈ: കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടി ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗമുക്തി. ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനാണ് ഇരുവരും കൊറോണ നെ​ഗറ്റീവായെന്ന വാർത്ത പുറത്തു വിട്ടത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ എന്നിവർ കൊറോണ വൈറസ് രോഗത്തിന് ചികിത്സ തേടി അഡ്മിറ്റായി ചികിത്സയിൽ കഴിഞ്ഞത്. അമിതാഭ് ബച്ചനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചൻ്റെ ഭാര്യ ജയ ബച്ചൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

എല്ലാവരുടേയും പ്രാർത്ഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദിയെന്നും കൊറോണ പരിശോധനഫലം നെഗറ്റീവായതിനെ തുടർന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി വീട്ടിലേക്ക് മടങ്ങിയെന്നും അഭിഷേക് ട്വറ്ററിൽ കുറിച്ചു. ഞാനും അച്ഛനും തുടർന്നും ആശുപത്രിയിൽ മെഡിക്കൽ സംഘത്തിൻ്റെ പരിചരണത്തിൽ തുടരുമെന്നും അഭിഷേക് ബച്ചൻ കൂട്ടിച്ചേർത്തു.
ഈ മാസം 11നാണു ബച്ചനും മകൻ അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്. അന്നു തന്നെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.

Loading...

പിറ്റേന്നു ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും രോഗബാധ കണ്ടെത്തി. ഹോം ക്വാറന്റീനിലായിരുന്ന ഐശ്വര്യയെയും മകളെയും ചെറിയ പനിയെയും ശ്വാസതടസ്സത്തെയും തുടർന്ന് വെള്ളിയാഴ്ച ആശുപത്രിയിലേക്കു മാറ്റി. ഐശ്യര്യയുടെ സിടി സ്കാൻ റിപ്പോർട്ട് തൃപ്തികരമാണെന്നും തൊണ്ടവേദനയും പനിയും കുറഞ്ഞതായും ആശുപത്രി ചികിത്സവേളയിൽ വ്യക്തമാക്കിയിരുന്നു.