കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടേനിയെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ അറസ്റ്റിലായി. മന്ത്രിയുടെ പരാതിയെത്തുടർന്ന് അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലഖിംപൂർ ഖേരി അക്രമസംഭവങ്ങളുടെ വിഡിയോ കാണിച്ച് 2.5 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു ഇവർക്കെതിരായ പരാതി. ഒക്ടോബർ മൂന്നിനാണ് നാല് കർഷകരടക്കം എട്ട് പേർ മരണപ്പെട്ട ലഖിംപൂർ ഖേരി അക്രമസംഭവങ്ങൾ നടന്നത്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഇതിലെ പ്രധാന പ്രതികളിൽ ഒരാളായിരുന്നു.
അക്രമസംഭവവുമായി ബന്ധപ്പെട്ട വിഡിയോ കൈവശമുണ്ടെന്നും അത് പുറത്തുവിടാതിരിക്കണമെങ്കിൽ 2.5 കോടി നൽകണമെന്നും ആവശ്യപ്പെട്ട് തനിക്കൊരു ഫോൺ കോൾ ലഭിച്ചു എന്ന് മന്ത്രിയുടെ സ്റ്റാഫ് അംഗമാണ് വെളിപ്പെടുത്തിയത്. തുടർന്ന് അജയ് മിശ്രയുടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. അന്വേഷണത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കബീർ കുമാർ, അമിത് ശർമ, അമിത് കുമാർ, നിഷാന്ത് കുമാർ, അശ്വിനി കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ട് പേർ ബിരുദ വിദ്യാർത്ഥികളാണ്.