ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

റായ്പൂര്‍: ഛത്തീസ്‌ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 9 മുതൽ റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നു വീണ അജിത് ജോഗിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയിൽ തുടരുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിചരിച്ചിരുന്നത്.

ശ്വാസ തടസം കാരണം തലച്ചോറിലേക്കുള്ള ഓക്സിജന്‍റെ അളവ് കുറഞ്ഞതോടെ അബോധാവസ്ഥയിലായതിനാൽ തുടക്കം മുതൽ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തിയിരുന്നത്. നിലവിൽ മർവാഹി മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. ഭാര്യ: ഡോ. രേണു. മകൻ: അമിത് ജോഗി. മരുമകൾ: റിച്ച.

Loading...

ഐഎഎസിൽ നിന്നു രാജിവച്ചാണ് കോൺഗ്രസ് അംഗമായി രാജ്യസഭയിലെത്തിയത്. ജില്ലാ കലക്ടറെന്ന നിലയിലുള്ള മിടുക്ക് കണ്ടു രാജീവ് ഗാന്ധിയാണ് രാഷ്ട്രീയത്തിലെത്തിച്ചത്. 2000 മുതല്‍ 2003 വരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗി ഒരു കാലത്ത് ദേശീയ തലത്തില്‍ തന്നെ ഏറെ സജീവമായിരുന്ന നേതാവായിരുന്നു. 2016ലാണ് ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്.