കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെയെന്ന് അജിത്തിന്റെ ആദ്യ ഭാര്യ; ഡിവോഴ്‌സിന് കാരണം അനുപമയെന്നും ആരോപണം

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പിരിച്ചെന്ന വിവാദത്തില്‍ അനുപമയ്‌ക്കെതിരെ അജിത്തിന്റെ ആദ്യ ഭാര്യ. അനുപമയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നസിയ ആരോപിച്ചു. ആ സമ്മതപത്രം താന്‍ കണ്ടിരുന്നു. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും നസിയ പ്രതികരിച്ചു.

അനുപമ കാരണമാണ് തങ്ങള്‍ വിവാഹബന്ധം വേര്‍പെടുത്തിയതെന്നും നസിയ പറഞ്ഞു. സമ്മര്‍ദം മൂലമാണ് ബന്ധം വേര്‍പിരിഞ്ഞത്. ഡിവോഴ്‌സിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചു. തന്നെ വീട്ടില്‍ കിടക്കാന്‍ അനുവദിച്ചില്ലെന്നും സഹായിക്കാനായി ആരുമില്ലെന്നും അവര്‍ പറയുന്നു. വിവാഹമോചനത്തിന് തയ്യാറല്ല എന്ന് പറഞ്ഞു അനുപമയെ താന്‍ കണ്ടിരുന്നു എന്നും നസിയ വ്യക്തമാക്കി.

Loading...

‘എന്റെ ഡാന്‍സ് മാസ്റ്റര്‍ ആയിരുന്നു അജിത്ത്. അനുപമ പറയുന്നതെല്ലാം വിശ്വസിക്കാനാകാത്ത കാര്യങ്ങളാണ്. കള്ളത്തരം കാണിച്ചതുകൊണ്ടാണ് പ്രതികരിച്ചത്. അനുപമയും അജിത്തുമായുള്ള ബന്ധം ചോദ്യം ചെയ്തിരുന്നു. അനുപമ സഹോദരിയെപ്പോലെയായിരുന്നു എന്നാണ് അജിത്ത് പറഞ്ഞിരുന്നത്. 2011-ല്‍ ആണ് കല്യാണം കഴിഞ്ഞത്, ഈ ജനുവരിയില്‍ വിവാഹ മോചനം നേടി. കമ്മിറ്റിയില്‍ ഒക്കെ ഇരിക്കുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നത് എന്ന് ചോദിച്ചിട്ടുണ്ട്. ഒരു തവണ കമ്മിറ്റി കഴിഞ്ഞ ഉടനേ ഞാന്‍ ഇറങ്ങിപ്പോയി. എന്നാല്‍ എന്റെ പേരില്‍ അജിത്ത് കുറ്റം ചാര്‍ത്തി’ നസിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം അനുപമയും അജിത്തും സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. പരാതി അവഗണിച്ച ശിശുക്ഷേമ സമിതി അടക്കമുള്ള സംവിധാനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം.