പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും സീറ്റ് വിഭജന ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. സിറ്റിങ് സീറ്റുകളില്‍ ചെറുപ്പക്കാരെ പരീക്ഷിച്ചും പോരാട്ടം കനക്കുന്ന മണ്ഡലങ്ങളില്‍ ശക്തമായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുമുള്ള നീക്കത്തിലുമാണ് മുന്നണികളെല്ലാം തന്നെ ഉള്ളത്. അതേസമയം തരൂര്‍ നിയമസഭാ മണ്ഡലത്തില്‍ മന്ത്രി എ.കെ ബാലന് പകരം ഭാര്യയെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. എ കെ ബാലന് പകരം ഭാര്യ ഡോ കെ പി ജമീലയെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.
അതേസമയം ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകാനും സാധ്യതയുണ്ട്.എ.കെ ബാലന്റെ നാല് ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നീക്കം. 2011 മുതല്‍ എ കെ ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ജമീല. നിലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്. 2008-ലെ നിയമസഭാ പുനര്‍നിര്‍ണ്ണയത്തോടെയാണ് തരൂര്‍ മണ്ഡലം നിലവില്‍ വരുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമായ തരൂര്‍ സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ്.