ജയിൽ വെച്ച് കാമുകിയുമായി ആറ് മണിക്കൂറോളം സംസാരിച്ച് ആകാശ് തില്ലങ്കേരി ; എല്ലാം ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ

തിരുവനന്തപുരം : ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ജയിലിൽ സുഖവാസത്തിൽ കഴിയുകയാണെന്നാണ് പുറത്തു വരുന്ന വിവരം. ആകാശ് തില്ലങ്കേരി കണ്ണൂർ ജയിലിൽ വെച്ച് ആറ് മണിക്കൂറിലധികം കാമുകിയുമായി സംസാരിച്ചെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ് രംഗത്തെത്തി. ആകാശിന് ഇതിന് വേണ്ട എല്ലാ ഒത്താശയും ചെയ്തു നൽകുന്നതാകട്ടെ സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പും.

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തെ പിണറായി സർക്കാർ എതിർക്കുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്നും സിദ്ധിഖ് നിയമസഭയിൽ പറഞ്ഞു. നിലവിൽ കാപ്പ ചുമത്തി ജയിലിൽ കഴിയുകയാണ് ഡിവൈഎഫ്‌ഐ മുൻ നേതാവായ ആകാശ് തില്ലങ്കേരി. എന്നാൽ ജയിലിൽ കഴിയുന്ന പ്രതികൾ അവിടെ വിഐപി പരിഗണനയിലാണ് കഴിയുന്നത്.

Loading...

സിപിഎമ്മും സംസ്ഥാന സർക്കാരുമാണ് പ്രതികൾക്കായി ലക്ഷങ്ങൾ നൽകി വക്കീലൻമാരെ ഏർപ്പാട് ചെയ്തു നൽകുന്നത്. സിപിഎം ക്വട്ടേഷൻ സംഘമാണ് ഷുഹൈബ് വധത്തിന് പിന്നിൽ. അത്‌കൊണ്ടാണ് അവർക്ക് പ്രതികളെ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടി വന്നതെന്നും സിദ്ധിഖ് പറഞ്ഞു. കൊന്നവരും കൊല്ലിച്ചവരും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആകാശും കൂട്ടരും അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി. പാർട്ടി ആഹ്വാന പ്രകാരമാണ് ഷുഹൈബ് വധം എന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ പ്രതികരിച്ചതോടെ സിപിഎം വെട്ടിലായിരിക്കുകയാണ്. തൊട്ട് പിന്നാലെതന്നെ ആകാശിനെതിരെ സർക്കാർ നടപടിയും എടുത്തു. ആകാശിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടിയിലേക്ക് നീങ്ങിയിരുന്നു.