എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്ത ജിതിന്‍ തിരുവനന്തപുരം മണ്‍വിള സ്വദേശിയാണ്. ഇയാള്‍ ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ്. ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുവരുകയാണ്.

എകെജി സെന്റര്‍ ആക്രമിച്ച് രണ്ട് മാസം പിന്നിട്ടപ്പോഴാണ് പ്രതിയെ കണ്ടെത്തുവാന്‍ പോലീസിന് കഴിഞ്ഞത്. സിപിഎമ്മും കോണ്‍ഗ്രസും ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രതിയെ പിടിക്കാന്‍ പോലീസിന് കഴിയാത്തത് ആക്രമണത്തിന് പിന്നില്‍ സിപിഎം തന്നെ ആയത് കൊണ്ടാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്.

Loading...

കഴിഞ്ഞ ജൂണ്‍ 30ന് രാത്രി 11.25 നാണ് സംഭവം എകെജി സെന്ററില്‍ ഉണ്ടായത്. അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നിട്ടും രണ്ട് മാസമായി പ്രതിയെക്കുറിച്ച് പോലീസിന് ഒരു സൂചനയും ലഭിച്ചില്ല. മുഖ്യകവാടത്തിന് സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. 25 മീറ്റര്‍ അകലെ പോലീസ് കാവല്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് 100 ല്‍ അധികം സിസിടിവി കള്‍ പരിശോധിച്ചു. 250 പേരെ ചോദ്യം ചെയ്തു. ആയ്യായിരത്തില്‍ അധികം മൊബൈല്‍ രേഖകള്‍ പരിശോധിച്ചു. ചുവന്ന സ്‌കൂട്ടറിലാണ് ആക്രമി എത്തിയതെന്ന് സിസിടിവിയില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമായില്ല. അതേസമയം എറിഞ്ഞത് സാധാരണ പടക്കമാണെന്ന് ഫൊറന്‍സിക്് പരിശോധനയില്‍ വ്യക്തമായി.