എക്‌സൈസുകാരെ കണ്ട് ഭയന്ന് ഓടി പുഴയില്‍ വീണു, യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: എക്സൈസുകാരെ കണ്ട് ഭയന്ന് കരാഞ്ചിറ മുനയം ബണ്ടിന് സമീപം പുഴയില്‍ ചാടിയ യുവാവ് മരിച്ചു. തൃപ്രയാര്‍ സ്വദേശി കാറളത്ത് വീട്ടില്‍ അക്ഷയ് (20) ആണ് മരിച്ചത്. കിഴുപ്പിള്ളിക്കരക്കടുത്ത് മുനയം ബണ്ടിന് സമീപമാണ് യുവാവിന്റെ ദാരുണാന്ത്യം.

കഞ്ചാവ് സംഘങ്ങള്‍ വ്യാപകമായി വിലസുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് തൃശൂരില്‍ നിന്നുള്ള എക്സൈസിന്റെ സ്പെഷല്‍ സ്ക്വാഡ് മുനയത്ത് വൈകിട്ട് അഞ്ചരയോടെ എത്തുന്നത്. മുനയം പുഴയോട് ചേര്‍ന്നിരുന്ന 9 യുവാക്കള്‍ അപ്രതീക്ഷിതമായി മഫ്തിയില്‍ എത്തിയ എക്സൈസ് സംഘത്തെ കണ്ട് ചിതറിയോടി. എന്നാല്‍ എക്സൈസ് വന്ന സമയം കാലിന് സുഖകുറവുള്ള അക്ഷയ് എന്ന യുവാവിനെ പ്രദേശവാസിയായ മറ്റൊരു യുവാവ് പുഴയിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്നും ആരോപണമുണ്ട്. അക്ഷയ് നീന്താന്‍ കഴിയാതെ ഹെല്‍പ്പ് മീ എന്ന് പറഞ്ഞ് പുഴയില്‍ മുങ്ങി താഴുന്നത് ചവിട്ടി വീഴ്ത്തിയ യുവാവ് വീഡിയോയില്‍ എടുത്തത് പൊലീസിന്റെ കൈവശമുണ്ട്.

Loading...

സംഭവത്തില്‍ യുവാവിനെ പുഴയിലേക്ക് തള്ളിയിട്ടുവെന്ന് ആരോപിക്കപ്പെടുന്ന പ്രദേശവാസിയായ കല്ലയില്‍ സന്തോഷിന്റെ വീടിന് നേരെ ഇന്നലെ ചിലര്‍ ആക്രമണം നടത്തി. മൃതദേഹം കിട്ടിയതിന് ശേഷം വീണ്ടും നടന്ന ആക്രമണത്തില്‍ പരിക്കേറ്റ സന്തോഷിന്റെ പിതാവ് ശങ്കരനെ പോലീസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിന് അസുഖമുള്ളതിനാല്‍ അക്ഷയ് പ്രയാസപ്പെട്ടാണ് ഓടിയതെന്നു സുഹൃത്തുക്കള്‍ പറയുന്നു. അക്ഷയ് എങ്ങിനെ പുഴയില്‍ വീണു എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. യുവാവിനെ രക്ഷിക്കാന്‍ എക്സൈസ് സംഘവും ശ്രമിച്ചില്ലെന്നാരോപിച്ച്‌ പ്രദേശത്തു സംഘര്‍ഷാവസ്ഥയുമുണ്ടായി. എക്സൈസ് സംഘം മടങ്ങിയശേഷം അക്ഷയിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്നാണ് പുഴയില്‍ തിരച്ചിലാരംഭിച്ചത്.

നാട്ടികയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തിയെങ്കിലും മുങ്ങിത്തപ്പാനുള്ള ഉപകരണങ്ങള്‍ ഇല്ലാതിരുന്നത് തിരച്ചില്‍ വൈകിച്ചു. തൃശൂരില്‍ നിന്നു മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് പരിശോധന നടത്തിയത്. മണിക്കൂറുകള്‍ക്കു ശേഷം ഓക്സിജന്‍ സിലിണ്ടറുകള്‍ കാലിയായതോടെ അവരും മടങ്ങി. നാട്ടുകാര്‍ തിരച്ചില്‍ തുടര്‍ന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം മുനയം ബണ്ടിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.