ജീവൻ പണയം വെച്ച് ഒളിസങ്കേതത്തില്‍ കടന്ന്‌ ബാഗ്ദാദിയെ ഒറ്റിയ ചാരന് പ്രതിഫലം 178 കോടി

വാഷിങ്ടൺ: ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയെ കണ്ടെത്താൻ സഹായിച്ച ചാരന് യു.എസ്. നൽകുക രണ്ടരക്കോടി ഡോളർ (ഏകദേശം 178 കോടി രൂപ). ഒളിത്താവളത്തിൽ വിശ്വസ്തനായി കടന്ന് വിവരങ്ങൾ ചോർത്തിയയാൾക്കാണ് പാരിതോഷികം ലഭിക്കുക.

സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും ബാഗ്ദാദി നീങ്ങാനിടയുള്ള വിവരങ്ങളും കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാൾ അവിടെയുണ്ടായിരുന്നു.

Loading...

എന്നാൽ, ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിലെ അംഗമാണെന്ന് പറയുന്നു. ഡി.എൻ.എ. പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങൾ കടത്തിയതും ഇയാൾതന്നെ.

ഐ.എസിന്റെ ആക്രമണത്തിൽ അടുത്തബന്ധു കൊല്ലപ്പെട്ടതോടെയാണ് ഇയാൾ ഭീകരസംഘടനയ്ക്കെതിരേ പ്രവർത്തിക്കാനാരംഭിച്ചതെന്നും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. തുരങ്കങ്ങൾ നിറഞ്ഞ സ്ഥലത്ത് സുരക്ഷിതനാണെങ്കിലും കൂടുതൽ സുരക്ഷയ്ക്കായി സിറിയൻ അതിർത്തിയിലേക്ക് നീങ്ങാനും ബാഗ്ദാദി ലക്ഷ്യമിട്ടിരുന്നതായി യു.എസ്. അധികൃതർ പറയുന്നു.

പെന്റഗണോ വൈറ്റ്ഹൗസോ ചാരന്റെ ഈ പ്രത്യേക സഹായത്തെ കുറിച്ച് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ബാഗ്ദാദിയെ ഇല്ലാതാക്കാൻ ലഭിച്ച എസ്ഡിഎഫിന്റെ സഹായത്തിന് യുഎസ് നന്ദി പ്രകടിപ്പിച്ചിരുന്നു. ബാഗ്ദാദിയെ കുറിച്ചുള്ള വ്യക്തിഗതവിവരങ്ങൾ ചാരൻ നൽകിയതായാണ് അനൗദ്യോഗികവിവരം.

ഇയാളുടെ സഹായം ലഭ്യമായിരുന്നില്ലെങ്കിൽ ഒരു പക്ഷേ ബാഗ്ദാദിയെ വധിക്കുക എന്ന യുഎസ് ലക്ഷ്യം ഇപ്പോൾ നടപ്പിലാകുമായിരുന്നില്ല എന്ന സൂചന ഔദ്യോഗികവൃത്തങ്ങൾ കൈമാറി.

ഇയാളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പല ദിക്കുകൾ കേന്ദ്രീകരിച്ച് ബാഗ്ദാദിയ്ക്കായി നടത്തിയിരുന്ന അന്വേഷണം ബാരിഷയിലെ ഇദ്ലിബ് പ്രവിശ്യയിലേക്ക് ചുരുക്കാൻ യുഎസ് സൈന്യത്തെ സഹായിച്ചത്.

നിറയെ തുരങ്കങ്ങൾ നിറഞ്ഞ സ്ഥലത്ത് സുരക്ഷിതനാണെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും കൂടുതൽ സുരക്ഷയ്ക്കായി സിറിയൻ അതിർത്തിയിലേക്ക് നീങ്ങാനൊരുങ്ങിയിരുന്ന ബാഗ്ദാദിയെ എന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ സഹായിച്ച ആൾക്ക് മികച്ച പ്രതിഫലം നൽകാൻ തന്നെയാണ് യുഎസ് തീരുമാനം.

രാത്രിയോടെയാണ് യു.എസ്. കമാന്‍ഡോവിഭാഗം ഓപ്പറേഷന്‍ ആരംഭിച്ചത്. ‘വിദേശ ഭാഷ സംസാരിക്കുന്ന സൈനികരെ’ വീടിനുസമീപത്ത് കണ്ടതായി പ്രദേശവാസിയായ അബു അഹമ്മദ് പറഞ്ഞു.അദ്ദേഹത്തിന്റെ അയൽവീടിന് നേരെയായിരുന്നു ആക്രമണം. അയൽവീട്ടുകാര്‍ ആരെന്ന് അറിയില്ലായിരുന്നു. കാണുമ്പോള്‍ ആശംസകള്‍ കൈമാറുകയല്ലാതെ മറ്റൊന്നും ബാഗ്ദാദി സംസാരിച്ചിരുന്നില്ല.

രാവിലെ വീട്ടില്‍നിന്ന് പോയാല്‍ രാത്രിയാണ് എത്തുക. അലേപോ പ്രവിശ്യയിലെ വ്യാപാരിയാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. സംസാരിക്കാന്‍ ശ്രമിക്കുമ്പോൾ ഒഴിഞ്ഞുമാറും -അബു അഹമ്മദ് പറഞ്ഞു.

ആക്രമണശബ്ദം കേട്ടാണ് സ്ഥലത്ത് ആളുകൂടിയത്. ഹെലികോപ്റ്ററിൽ വീടും പുറത്തുണ്ടായിരുന്ന കാറും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ടു. മൃതദേങ്ങള്‍ വീട്ടിനുള്ളിലും കാറിലും കണ്ടതായി അയൽവാസിയായ അബേല്‍ ഹമീദ് പറഞ്ഞു.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടെയാണ് സമീപത്ത് രഹസ്യമായി താമസിച്ചത് ബാഗ്ദാദിയാണെന്ന് അറിയുന്നത്. ഹയാത്ത് തഹ്രില്‍ അല്‍-ഷാം എന്ന വിഭാഗത്തിന്റെ കീഴിലാണ് ആക്രമണം നടന്ന ഇദ്‌ലിബ് എന്ന പ്രദേശം.

ബാഗ്ദാദിയെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് ഒട്ടേറെ രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. ഇതിൽ ഇറാഖ് വളരെ നന്നായി സഹകരിച്ചെന്നും അദ്ദേഹം പറഞ്ഞു.