അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് സൂചന നല്‍കി പുതിയ ശബ്ദ സന്ദേശം

Loading...

ബെയ്‌റൂട്ട്: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന് സൂചന നല്‍കി പുതിയ ശബ്ദ സന്ദേശം പുറത്തുവന്നു. 46 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നിട്ടുള്ളത്. 2014ല്‍ ഖിലാഫത്ത് രാജ്യം പ്രഖ്യാപിക്കാനായി മൊസൂളിലെ അല്‍ നൂഫറി പള്ളിയിലാണ് ബാഗ്ദാദി അവസാനമായി പൊതുവേദിയില്‍ വന്നത്. കഴിഞ്ഞ വര്‍ഷം നവംബറിന് ശേഷം ആദ്യമായാണ് ബാഗ്ദാദിയുടേതെന്ന പേരില്‍ സന്ദേശം പുറത്തുവന്നത്.

യുഎസ് – ഉത്തര കൊറിയ പ്രതിസന്ധിയെക്കുറിച്ചുള്ള ബാഗ്ദാദിയുടെ പരാമര്‍ശം അടങ്ങിയതാണ് ഓഡിയോ സന്ദേശം.ഐഎസുമായി ബന്ധമുള്ള മാധ്യമ സ്ഥാപനമാണ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. എന്നാല്‍ ക്ലിപ്പിന്റെ കൃത്യമായ തീയതി വ്യക്തമല്ല. ഇറാഖിലെ മൊസൂള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ശക്തികേന്ദ്രങ്ങളില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും ഓഡിയോയില്‍ പറയുന്നുണ്ട്. കൂടാതെ സിറിയയിലെ റാഖ്ഖയിലും ഹാമയിലും നടക്കുന്ന ഏറ്റുമുട്ടല്‍, ലിബിയയിലെ സിര്‍ത്തിലെ ഏറ്റുമുട്ടല്‍ തുടങ്ങിയവയെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. രക്തം ചിന്തിയുള്ള പോരാട്ടം തുടരുമെന്നും ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

Loading...

മെയ് 28ന് സിറിയയിലെ ഐഎസ് അധീനപ്രദേശങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദി ഉള്‍പ്പെടെ 330ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് സിറിയയിലെ സര്‍ക്കാരോ ഐഎസോ സ്ഥിരീകരിച്ചിരുന്നില്ല.

അതേസമയം, ബാഗ്ദാദി മരിച്ചുവെന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം ലഭിക്കാത്തിടത്തോളം അയാള്‍ ജീവനോടെയുണ്ടെന്ന് വിശ്വസിക്കേണ്ടിവരുമെന്ന് യുഎസ് സൈനിക വക്താവ് റയാന്‍ ഡില്ലന്‍ പറഞ്ഞു. ഇറാഖ്- സിറിയ അതിര്‍ത്തിയില്‍ ഐഎസ് അധീനപ്രദേശത്ത് ബാഗ്ദാദി ഇപ്പോഴും ഒളിവില്‍ കഴിയുന്നുവെന്നാണ് സംശയം.