ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു;അലഹബാദ് ഹൈക്കോടതി

ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. നിരപരാധികൾക്കെതിരെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ട്. ഏത് മാംസം പിടിച്ചാലും അത് പശുവിന്റെ ഇറച്ചിയായി കാണിച്ച് കേസ് എടുക്കുന്നു. ഇതുമൂലം ചെയ്യാത്ത കുറ്റത്തിന് കുറ്റാരോപിതർ ജയിലിൽ കിടക്കേണ്ടി വരുന്നുവെന്നും കോടതി പറഞ്ഞു.ഗോവധം, ഗോമാംസ വിൽപ്പന തുടങ്ങിയ കുറ്റങ്ങളുടെ പേരിൽ ഉത്തർപ്രദേശിൽ അറസ്റ്റിലായ റഹ്മുദീൻ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിർണായക പരാമർശങ്ങൾ. ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിൽ കോടതി ആശങ്ക രേഖപ്പെടുത്തി.

നിരപരാധികൾക്കെതിരെ നിയമം ദുരുപയോഗം ചെയ്യപ്പെടുന്ന സ്ഥിതിയാണെന്നായിരുന്നു ജസ്റ്റിസ് സിദ്ധാർഥ് അധ്യക്ഷനായ സിംഗിൾ ബഞ്ച് അഭിപ്രായപ്പെട്ടത്. ഭൂരിഭാഗം കേസുകളിലും ശാസ്ത്രീയ പരിശോധനയ്ക്ക് പോലും അയക്കാതെയാണ് പശുമാംസമെന്ന് പറയുന്നത്. ഇത് വഴി കുറ്റാരോപിതർ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വരുന്നുവെന്നും കോടതി പറഞ്ഞു. ഉടമകൾ ഇല്ലാതെ അലയുന്ന പശുക്കൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിലേക്കും കോടതി ഉത്തരവ് വിരൽ ചൂണ്ടുന്നു. ഇത്തരം പശുക്കൾ ഗതാഗത തടസമുണ്ടാക്കുകയും അപകട മരണങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. കൃഷി സ്ഥലങ്ങൾ നശിപ്പിക്കുന്നത് വ്യാപകമാണെന്നും കോടതി പറയുന്നു.

Loading...

കറവ വറ്റിയ പശുക്കളെ ഉടമസ്ഥർ ഉപേക്ഷിക്കുന്നത് ഇവയെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോകാൻ സാധിക്കാത്ത സാഹചര്യത്തിലാണ്. തദ്ദേശീയരേയും പൊലീസുകാരെയും ഭയന്നാണ് ഈ പശുക്കളെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാൻ സാധിക്കാത്തതെന്ന് കോടതി വ്യക്തമാക്കി. പശുക്കളെ ഉപേക്ഷിക്കുന്നത് സമൂഹത്തിന് വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കറവ വറ്റിയ പശുക്കളെ ഗോശാലകളിലോ ഉടമയ്ക്കൊപ്പമോ നിർത്താൻ സംവിധാനം വേണം. എന്നാൽ മാത്രമേ ഗോവധ നിരോധന നിയമം അതിന്റെ അന്തഃസത്ത ഉയർത്തി പിടിച്ച് നടപ്പാക്കാൻ സാധിക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷയിൽ റഹ്മുദീന് അനുകൂലമായി കോടതി ഉത്തരവിറക്കി. ഇയാൾക്ക് ജാമ്യം അനുവദിച്ചു.