ആലമും മാലിക്കും വീണ്ടും അറസ്റ്റില്‍

ത്രാള്‍: വിഘടനവാദി നേതാക്കളായ മസ്‌റത്‌ ആലമിനെയും യാസിന്‍ മാലിക്കിനെയും വീണ്ടും അറസ്‌റ്റ് ചെയ്‌തു. ത്രാളിലെ സംഘര്‍ഷ മേഖലയിലേക്ക്‌ പോകുമ്പോഴാണ്‌ ഇരുവരും അറസ്‌റ്റിലായത്‌. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ യുവാക്കള്‍ മരിച്ച മേഖലയിലാണ്‌ സംഘര്‍ഷമുണ്ടായത്‌. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്‌ പേര്‍ക്ക്‌ പരുക്കേറ്റു.

സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടലിലാണ്‌ യുവാവ്‌ കൊല്ലപ്പെട്ടതെന്നാണ്‌ ആരോപണം. എന്നാല്‍ യുവാവിന്‌ ഭീകര ബന്ധമുണ്ടെന്നും ഹിസ്‌ബുള്‍ മുജാഹിദീന്‍ തീവ്രവാദിയെ സന്ദര്‍ശിച്ചിരുന്നെന്നുമാണ്‌ പോലീസ്‌ ഭാഷ്യം. പ്രതിഷേധത്തെ തുടര്‍ന്ന്‌ കൊലപാതകത്തില്‍ പോലീസ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌.

Loading...

നേരത്തെ മസ്‌റത്ത്‌ ആലമിനെ മോചിപ്പിക്കാനുള്ള ജമ്മു കശ്‌മീര്‍ സര്‍ക്കാരിന്റെ തീരുമാനം വിവാദമായിരുന്നു. കശ്‌മീരില്‍ ബി.ജെ.പി-പി.ഡി.പി സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരാഴ്‌ച തികയുന്നതിന്‌ മുന്‍പാണ്‌ ആലമിന്‌ ജയില്‍ മോചനം നല്‍കിയത്‌. കശ്‌മീര്‍ താഴ്‌വരയിലെ കല്ലേറ്‌ കേസില്‍ ജയിലിലായിരുന്ന ആലമിനെ രാഷ്‌ട്രീയ തടവുകാര്‍ക്ക്‌ മോചനം നല്‍കുന്നതിനുള്ള ഉത്തരവ്‌ പ്രകാരമാണ്‌ മോചിപ്പിച്ചത്‌.