ഒന്നരവയസുകാരിയുടെ കൊലപാതകം; കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല്ലാന്‍ മാതാവ് ശ്രമിച്ചിരുന്നു.. കൂടുതല്‍ തെളിവുകള്‍ പുറത്ത്

ആലപ്പുഴ: ആലപ്പുഴയില്‍ ഒന്നര വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ ആരതി കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയുടെ അച്ഛനും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് പറയുന്നു. നാല് മാസം മുമ്ബ് അമ്മായിയമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്റെ അച്ഛന്‍.അതേസമയം ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുഞ്ഞിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ആരതിയുടെ മൊഴികേട്ട് ഞെട്ടിത്തരിച്ചിരിക്കയാണ് പൊലീസ്.  കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം തുണികഴുകുകയായിരുന്നു ആതിര. ഈസമയം ഉറക്കമുണര്‍ന്ന ആദിഷ കരഞ്ഞു. ആതിര അടുത്തെത്തി ഉറക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് കിടന്നില്ല. നിര്‍ത്താതെ കരയുകയായിരുന്നു. കരച്ചില്‍ നിര്‍ത്താനായി നടത്തിയ ശ്രമമെല്ലാം പരാജയപ്പെട്ടതോടെ ആതിര ആദിഷയുടെ വായ പൊത്തിപ്പിടിച്ചു. ഇതിനിടെ കുഞ്ഞ് ശ്വാസംകിട്ടാതെ പിടഞ്ഞു. കൈകാലുകള്‍ നിലത്തടിച്ചിട്ടും ആതിര വായില്‍ നിന്നും കൈയെടുത്തില്ല. അതുകണ്ട് ആസ്വദിക്കുകയായിരുന്നു ആതിര. കുഞ്ഞിന്റെ ശ്വാസം നിലച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ തുണികഴുകാനായി ആതിര പോയി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് ആതിരയുടെ ക്രൂരകൃത്യം അറിഞ്ഞത്.

പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ആതിരയെന്ന് പൊലീസ് പറയുന്നു. ഇവര്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് സംശയിക്കുന്നതായി പട്ടണക്കാട് സിഐ ബിഗ് ന്യൂസിനോടു പറഞ്ഞു. ഇവര്‍ക്ക് കുട്ടികളോട് താത്പര്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഭര്‍ത്താവിന്റെ അമ്മയോട് ദേഷ്യപ്പെട്ട് ചിരവയെടുത്ത് തലയ്ക്കടിച്ച കേസും ഉണ്ടായിരുന്നു.

ആ സമയം ഇവരെ ജയിലിലാക്കിയിരുന്നു. അന്ന് കൈക്കുഞ്ഞിനെയും ജയിലിലേക്ക് കൊണ്ടുപോകാന്‍ ആതിര വാശിപിടിച്ചു. പൊലീസുകാര്‍ അതിനെ എതിര്‍ത്തെങ്കിലും പിടിവാശിയില്‍ ഉറച്ചുനിന്ന് ആദിഷയെയും ജയിലിലേക്ക് കൊണ്ടുപോയി. അങ്ങനെ ആ പിഞ്ചുകുഞ്ഞും ജയിലില്‍ കിടക്കേണ്ടി വന്നു. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ താന്‍ കുഞ്ഞിനെ കൊന്നു എന്നുതന്നെയാണ് ആതിര പൊലീസിനോടു സമ്മതിച്ചിട്ടുള്ളത്. മറ്റു കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ഇന്നു രാവിലെ ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പട്ടണക്കാട് സിഐ അറിയിച്ചു.

കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് സംഭവം കൊലപാതമാണെന്ന് സ്ഥിരീകരിച്ചത്. അമ്മ കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായി രുന്നുവെന്നും സംഭവ ദിവസം കുടുംബ വഴക്ക് ഉണ്ടായെന്നും മുത്തശി മൊഴി നല്‍കി. കുഞ്ഞിനെ ഉപദ്രവിച്ചതിന് അമ്മയ്ക്കെതിരെ മുത്തശി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം, പുതിയകാവ് കൊല്ലംവള്ളി കോളനി യിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.