മറുപടി പറയാത്തത് സഭയെ ഓര്‍ത്താണ് , എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണു പോകും ; വിമത വൈദികര്‍ക്കെതിരെ കര്‍ദ്ദിനാള്‍

എറണാകുളം-അങ്കമാലി അതിരൂപതാ സഭാ തര്‍ക്കത്തില്‍ വിമത വൈദികരെ വിമര്‍ശിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി. വൈദികര്‍ ഉപയോഗിച്ച സമര രീതി സഭയ്ക്ക് ചേര്‍ന്നതല്ല.

സമര രീതില്‍ വേദനയുണ്ടെന്നും, ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമുള്ളതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിവാദങ്ങളില്‍ താന്‍ മറുപടി പറയാത്തത് സഭയെ ഓര്‍ത്താണ്. എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണു പോകുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. പ്രതിഷേധിച്ച വൈദികരെ തള്ളിക്കളയരുത്. അവരെ സിനഡ് തിരുത്തുമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

Loading...

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അനിശ്ചിതകാല ഉപവാസ പ്രാര്‍ത്ഥനാ സമരം നടത്തിവന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ സ്ഥിരം സിനഡിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ശനിയാഴ്ച സമരം പിന്‍വലിച്ചത്. വ്യാജരേഖ കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി സത്യം കണ്ടെത്തണമെന്നും ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ നിലപാട് എടുത്ത വൈദികര്‍ക്കെതിരെ വൈരാഗ്യ നടപടികള്‍ പാടില്ലെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭൂമി ഇടപാടിലെ കുറിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യമാണ് വൈദികര്‍ മുന്നോട്ടുവച്ച മറ്റൊരു പ്രധാന ആവശ്യം.