ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളുടെ കൊവിഡ് ഉറവിടം കണ്ടെത്താൻ സാധിച്ചില്ല: ജില്ലയുടെ തീരമേഖലയില്‍ മത്സ്യബന്ധനവും വില്‍പ്പനയും നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കോവിഡ് വ്യാപനം. ജില്ലയുടെ തീരമേഖലയില്‍ മത്സ്യബന്ധനവും വില്‍പ്പനയും നിരോധിച്ചു. കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിയാത്തതിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി. ജൂലൈ ഒന്‍പത് പകല്‍ മൂന്നുമണി മുതല്‍ ജൂലൈ 16 രാത്രി പന്ത്രണ്ട് മണിവരെയാണ് നിരോധനം. ജില്ലയിലെ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും വിപണനത്തിനും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ധാരാളമായി ആളുകൾ എത്തിച്ചേരുന്ന സാഹചര്യം സ്ഥിതി ഗുരുതരമാക്കുകയാണ്. തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ആലപ്പുഴ ചെന്നിത്തലയിൽ കഴിഞ്ഞ ദിവസം മരിച്ച യുവദമ്പതികളിൽ ഭാര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. മാവേലിക്കര വെട്ടിയാർ സ്വദേശി ദേവിക ദാസിനാണ് രോഗം സ്ഥിരീകരിച്ചത്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇവരുടെ രോഗ ഉറവിടം അറിയില്ല. പത്തനംതിട്ട സ്വദേശി ജിതിൻ , ഭാര്യ ദേവിക എന്നിവരെ ചൊവ്വാഴ്ചയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Loading...

ജിതിൻ തൂങ്ങി മരിച്ച നിലയിലും ദേവികയുടെ മൃതദേഹം കട്ടിലിൽ കിടന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇൻക്വസ്സ്റ്റ് നടപടികൾ നടത്തിയ മാന്നാർ പൊലീസിനോടും മറ്റ് ഉദ്യോഗസ്ഥരോടും ക്വാറന്‍റീനില്‍ പോകാൻ നിർദ്ദേശിച്ചു.