ന്യൂഡല്‍ഹി. വീണ്ടും രാജ്യത്ത് കോവിഡ് ഭീതി ഉയര്‍ന്നതോടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നവരെല്ലാം മാസ്ക് ധരിക്കുമെന്ന് കോണ്‍ഗ്രസ്. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ എഐസിസി ആസ്ഥാനത്ത് നേതൃയോഗം ചേരും. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്തിനെ ചൊല്ലിയുള്ള വാക്പോര് ബിജെപിയും കോണ്‍ഗ്രസും തുടരുകയാണ്.
യാത്ര ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ ഇരിക്കെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ വെല്ലുവിളി ആയത്. യാത്രയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അല്ലെങ്കില്‍ യാത്ര നിര്‍ത്തിവയ്ക്കണം എന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നിര്‍ദേശം. ഭാരത് ജോഡോയ്ക്ക് മാത്രം നിയന്ത്രണം കൊണ്ട് വന്ന് യാത്ര തടയാനുള്ള ബിജെപിയുടെ ശ്രമം ഫലം കാണില്ലെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.
യാത്രയില്‍ പങ്കെടുക്കുന്നവരെല്ലാം മാസ്ക് ധരിക്കുമെന്നും കേന്ദ്ര മാര്‍ഗരേഖ ഇറങ്ങിയാല്‍ അത് പാലിച്ചു കൊണ്ട് മുന്നോട്ട് പോകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. യാത്രയില്‍ പങ്കെടുത്ത ഹിമാചല്‍ മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാതലത്തില്‍ രാഹുല്‍ ഗാന്ധി യാത്ര നിര്‍ത്തിവയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.