അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു, ഭാര്യയ്ക്കും മകനും രോഗം

കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഭാര്യ ഷീലയ്ക്കും മകന്‍ ആകാശിനും രോഗം സ്ഥിരീകരിച്ചുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടാണ് കോവിഡ് പോസിറ്റീവ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. അനേകം ജോലികള്‍ ചെയ്ത് തീര്‍ക്കാനുള്ളതിനാല്‍ അടുത്ത 14 ദിവസം താന്‍ ലാപ്‌ടോപ്പിന് മുന്നിലായിരിക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കുറിച്ചു.

‘അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ഐ എ എസ് ബാച്ച്‌മേറ്റ്‌സുമായി സഹകരിച്ച് ഞാന്‍ ചെയ്യുന്ന പുസ്തകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അത് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ രണ്ട് പുസ്തകങ്ങള്‍ കൂടി പണിപ്പുരയിലുണ്ട്. ഒന്ന് മോട്ടിവേഷനും മറ്റൊന്ന് ഫിക്ഷനുമാണ്. എന്റെ നായകളോടും പൂച്ചകളോടുമൊത്തുള്ള കളികളും പക്ഷികള്‍ക്ക് തീറ്റകൊടുക്കുന്നതും പച്ചക്കറികള്‍ വളരുന്നത് കാണുന്നതും എനിക്ക് മിസ് ചെയ്യും. പേടിക്കാനൊന്നുമില്ല പ്രാര്‍ഥിക്കുക’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Loading...