കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ അരി വ്യാപാര കേന്ദ്രത്തിലെ ചാക്കുകളില്‍ വിതറിയിരുന്നത് അതിസുരക്ഷയില്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന കീടനാശിനിയായ അലുമിനിയം ഫോസ്ഫൈഡ് ആണെന്ന് കണ്ടെത്തി. മാരകവിഷമാണ് അലുമിനിയം ഫോസ്ഫൈഡ്. ആരോഗ്യമുള്ള മനുഷ്യനെ മണിക്കൂറുകള്‍ക്കുള്ളില്‍ വധിക്കാന്‍ ഈ മാരക വിഷത്തിനു സാധിക്കും.
ഒരു കാരണവശാലും ഭക്ഷ്യ വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകാനോ കലരാനോ പാടില്ല. ശ്വാസത്തിലൂടെയോ വായിലൂടെയോ 0.15 ഗ്രാമിലധികം ഉള്ളിലെത്തിയാല്‍ രക്തത്തില്‍ കലരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്ത് മരണം സംഭവിക്കാം. പരിശോധനകളില്‍ 81 ചാക്കുകളിലായി 1660 കിലോഗ്രാം അരിയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം കടയുടെ ലൈസന്‍സ് റദ്ദാക്കുകയും താല്‍ക്കാലികമായി പൂട്ടുകയും ചെയ്തു.
സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പരിശോധനാഫലം കിട്ടിയതിന്റെ ശേഷം മാത്രമേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. വായുസഞ്ചാരം കുറവുള്ള ക്യാബിനുകളില്‍ തുണിയില്‍ പൊതിഞ്ഞ് സുരക്ഷിതമായി മൂലകളില്‍ മാത്രം സൂക്ഷിക്കേണ്ട മരുന്നാണിത്. ഇതാണ് യാതൊരു നിയന്ത്രണവുമില്ലാതെ അരിച്ചാക്കുകളില്‍ വാരി വിതറിയ നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂര്‍ പേരൂര്‍ കവലയിലെ കൊച്ചുപുരയ്ക്കല്‍ ട്രേഡേഴ്സ് എന്ന അരി വ്യാപാര സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരുന്ന അരിച്ചാക്കുകളുടെ മുകളിലാണ് അലുമിനിയം ഫോസ്ഫൈഡ് വിതറിയിരുന്നത്.
സെല്‍ഫോസ്, ഫോസ്ടോക്സ്, ഫ്യുമിടോക്സിന്‍ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്ന താരതമ്യേന വിലക്കുറവുള്ള ഈ കീടനാശിനി ധാന്യസംഭരണ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നതാണ്. ഇത് വെള്ളവുമായോ അന്തരീക്ഷത്തിലെ ജലാംശവുമായോ കൂടിക്കലര്‍ന്നാല്‍ രാസപ്രക്രിയയിലൂടെ അതീവ മാരകമായ ഫോസ്ഫൈന് എന്ന വാതകമായി മാറും. 0.15 ഗ്രാം അലുമിനിയം ഫോസ്ഫൈഡില്‍ നിന്നുണ്ടാകുന്ന വാതകം പോലും ജീവനു ഭീഷണിയാകുമെന്ന് വിധഗ്ദര്‍ പറയുന്നു.