കുട്ടിയുടെ മരണം നാണയങ്ങള്‍ വിഴുങ്ങിയത് മൂലമല്ലെന്ന് പ്രാഥമിക നിഗമനം: അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു: കുട്ടിയുടെ വയറ്റിൽ ഉണ്ടായിരുന്നത് രണ്ട് നാണയങ്ങൾ

ആലുവ: എറണാകുളം ആലുവയിലെ മൂന്ന് വയസ്സുകാരൻറെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കുട്ടിയുടെ വയറ്റിൽ രണ്ട് നാണയങ്ങൾ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാൽ മരണകാരണം അതല്ലെന്നാണ് നിഗമനം. ഇക്കാര്യം തിരിച്ചറിയാൻ കുട്ടിയുടെ ആന്തരിക ആവയവങ്ങൾ വിദഗ്‍ധ പരിശോധനക്ക് അയച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് പി കെ കാർത്തിക് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. കുട്ടിയുടെ മരണം നാണയങ്ങൾ വിഴുങ്ങിയത് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം.

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വൻകുടലിൻറെ ഏറ്റവും അറ്റത്തായാണ് നാണയങ്ങൾ കണ്ടെത്തിയത്. അൻപത് പൈസയുടെയും ഒരു രൂപയുടെയും രണ്ട് നാണയങ്ങളാണ് കുട്ടിയുടെ വയറ്റിൽ നിന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. നാണയങ്ങൾ വിഴുങ്ങിയതാകില്ല കുട്ടിയുടെ മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. കാരണം കുട്ടിയുടെ വൻകുടലിലോ ചെറുകുടലിലോ മുറിവുകൾ കണ്ടെത്തിയിട്ടില്ല. മരണകാരണം വ്യക്തമാകാൻ ആന്തരിക അവയവങ്ങളുടെ രാസപരിശോധനഫലം വരണം. അതിന് ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിൻറെ തീരുമാനം.

Loading...

അതേസമയം നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. ആന്തരികാവയവത്തിന്റെ പരിശോധനാഫലം വന്ന ശേഷം മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു. ഇതിനായി ആന്തരികാവയവങ്ങൾ കാക്കനാട് ലാബിലേക്ക് കൈമാറി. രണ്ട് ദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ആലുവയിൽ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജ് ഇന്നലെ രാവിലെയാണ് മരിക്കുന്നത്. ശനിയാഴ് രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്.