പൃഥ്വിരാജിന്റെ എക്സ് റേ ദൃശ്യങ്ങൾ പുറത്ത്: മരണകാരണം വിഴുങ്ങിയ നാണയമല്ലെന്ന് റിപ്പോർട്ട്: കോവിഡ് ഫലം നെ​ഗറ്റീവ്

ആലുവ: ആലുവയിൽ നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്നു വയസ്സുകാരൻ പൃഥ്വിരാജിന്റെ എക്സ് റേ ദൃശ്യങ്ങൾ പുറത്ത്.
കുട്ടി വിഴുങ്ങിയ നാണയമിരിക്കുന്നത് മരണകാരണമാകുന്ന തരത്തിലല്ലെന്നും ശ്വാസനാളത്തിലല്ല മറിച്ച് ആമാശയത്തിലാണെന്ന് എക്സ് റേയിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും എടുത്ത എക്സ് റേകളാണു പുറത്തുവന്നത്. കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയിൽനിന്നും ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ സ്രവ പരിശോധനയിൽ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നു തെളിഞ്ഞു. കുട്ടിയുടെ മരണശേഷം നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം നെഗറ്റിവായത്. മരണകാരണം വ്യക്തമാകണമെങ്കിൽ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണം. സംഭവം വിവാദമായ സാഹചര്യത്തിൽ പൊലീസ് സർജനായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക.

ആമാശയത്തിൽ കുടുങ്ങിയ നാണയം കുഞ്ഞിന്റെ ജീവന് ഭീഷണിയല്ലെന്നു കാണിച്ചാണ് ആശുപത്രിയിൽനിന്നു മടങ്ങാൻ അധികൃതർ പറഞ്ഞതെന്നാണ് വിവരം. ശസ്ത്രക്രിയ നടത്തിയോ, ട്യൂബ് ഇട്ടോ നാണയം എടുക്കേണ്ട ആവശ്യമില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ഇതു സ്വഭാവികമായി വയറ്റിൽനിന്നു പുറത്തുവരുമെന്നുമായിരുന്നു ഡോക്ടർമാർ കണക്കാക്കിയത്. ശിശുരോഗവിദഗ്ധർ ഉൾപ്പെടെ കുട്ടിയെ പരിശോധിക്കുകയും ചെയ്തിരുന്നു. എക്സ്റേ ഫലത്തിന്റെ അടിസ്ഥാനത്തിൽ നാണയം കുടുങ്ങിയതാണ് കുട്ടിയുടെ മരണകാരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ അംഗീകരിക്കുന്നില്ല. മരണ കാരണം മറ്റെന്തെങ്കിലുമാകാമെന്നും എന്ന ധാരണയിലാണ് ആശുപത്രി. കുട്ടിക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ മറ്റു പരിശോധനകളിലേക്കു കടന്നിട്ടില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. എറണാകുളം ജനറൽ ആശുപത്രിയിലെത്തുമ്പോൾ കുട്ടി അസ്വസ്ഥകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് സൂപ്രണ്ടും വ്യക്തമാക്കിയിരുന്നു. അവിടെനിന്നാണ് ആംബുലൻസിൽ ആലപ്പുഴയിലേക്കു കൊണ്ടുപോയത്

Loading...

അതേസമയം മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന്സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആലുവകടുങ്ങല്ലൂരിൽവാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ ഏക മകൻ പൃഥ്വിരാജാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ കയറിയിറങ്ങിയെങ്കിലും മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടുമാർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.