70,900 രൂപയുടെ ഐഫോൺ വാങ്ങി; ആലുവ സ്വദേശിക്ക് ആമസോണിൽ നിന്ന് കിട്ടിയത് വിം സോപ്പും, അഞ്ച് രൂപ നാണയവും

ആലുവ: ഓൺലൈൻ ഷോപ്പിം​ഗിലൂടെ പറ്റിക്കപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. പലപ്പോഴും ഫോൺ ഓർഡർ ചെയ്യുന്ന ആൾക്കാർ പറ്റിക്കപ്പെ
ടുന്ന വാർത്തകളാണ് കൂടുതലും പുറത്തു വരുന്നത്. ആമസോൺ പോലുള്ള ആപ്പുകളിൽ കൂടി പോലും ചതി പറ്റുന്ന സംഭവം നിരവധിയാണ്. ഇപ്പോൾ ആലുവ സ്വദേശിക്കാണ് ആമസോണിൽ നിന്നും അമളി പറ്റിയിരിക്കുന്നത്. ആമസോണിൽ നിന്നും ഐഫോൺ 12 ബുക്ക് ചെയ്ത ആലുവ സ്വദേശിയായ പ്രവാസിക്ക് ലഭിച്ചത് വിം സോപ്പും, അഞ്ച് രൂപ നാണയവുമാണ്. ആലുവ തോട്ടുമുഖം സ്വദേശിയായ നൂറുൾ അമീനാണ് ഈ ദുരാനുഭവം നേരിട്ടത്. ആമസോണിൽ പരാതി നൽകിയ നൂറുൾ, ആലുവ സൈബർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 12നാണ് ഐഫോൺ 12 സ്മാർട്ട്ഫോൺ ഐസിഐസിഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഇദ്ദേഹം വാങ്ങുന്നത്. ആമസോണിൻറെ പ്രൈം മെമ്പറാണ് താനെന്നും. 2015 മുതൽ ആമസോണിൽ നിന്നും സാധനങ്ങൾ വാങ്ങാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. എന്നാൽ എഴുപതിനായിരത്തിന് മുകളിലുള്ള തുക മുടക്കി വലിയ പർച്ചേസിംഗ് നടത്തുന്നത് ആദ്യമാണ്.

വെള്ളിയാഴ്ച രാവിലെയോടെയാണ് ഡെലിവറി പാക്കറ്റുമായി ഏജന്റ് എത്തിയത്. അടുത്തിടെ ഇത്തരം വലിയ ഓഡറുകളിൽ തട്ടിപ്പ് നടന്നതിനാൽ ഏജൻറിൻറെ മുന്നിൽ നിന്ന് തന്നെ പാക്കറ്റ് തുറന്നപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം നൂറുൾ മനസിലാക്കുന്നത്. ഒരു വിം സോപ്പും അഞ്ച് രൂപയുടെ നാണയവുമാണ് പാക്കറ്റിൽ ഉണ്ടായിരുന്നത്. ഖത്തറിൽ പ്രവാസിയായ നൂറുൾ കഴിഞ്ഞ രണ്ട് മാസമായി അവധിയിൽ നാട്ടിലുണ്ട്. നാട്ടിലെ പിതാവിന്റെ പേരിലാണ് ഐഫോൺ 12 ഓഡർ നടത്തിയിരുന്നത്. ആമസോൺ പരാതി പരിഹാര സേവനത്തിൽ വിളിച്ചപ്പോൾ അന്വേഷണ സമയമായി രണ്ട് ദിവസം വേണമെന്നാണ് പറഞ്ഞതെന്ന് നൂറുൾ പറയുന്നു.

Loading...

തുടർന്നാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഐഎംഇഐ നമ്പർ ഉപയോഗിച്ച് ഫോൺ തട്ടിയെടുത്തവരെ കണ്ടെത്താൻ സാധിക്കുമോ എന്ന സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട് എന്നാണ് നൂറുൾ പറയുന്നത്. ആമസോണിൽ നിന്നുള്ള പ്രതികരണത്തിന് കാത്തിരിക്കുകയാണ് ഈ പ്രവാസി. പൊലീസ് നടപടികളിലും പ്രതീക്ഷയുണ്ട്. ആമസോൺ സൈറ്റിൽ ഓഡർ നൽകിയത് മുതലുള്ള മുഴുവൻ വിവരങ്ങളും പൊലീസിന് നൽകിയ പരാതിയിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.