പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി വെച്ചു

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജി വെച്ചു. ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി. കോണ്‍ഗ്രസില്‍ അപമാനിക്കപ്പെട്ടെന്ന് രാജിക്കത്ത് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസില്‍ കലാപം വീണ്ടും ശക്തമായതോടെയാണ് അമരീന്ദര്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെക്കാനുള്ള തീരുമാനമുണ്ടായത്.

അമരീന്ദറിനോട് ഹൈക്കമാന്‍ഡ് രാജി ആവശ്യപ്പെട്ടെന്നാണ് സൂചന. നാല്‍പ്പത് കോണ്‍ഗ്രസ് എം എല്‍ എമാര്‍ അമരീന്ദറിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് അടിയന്തിരമായ ഇടപെടലുകള്‍ക്ക് ഹൈക്കമാന്റ് നീക്കം തുടങ്ങിയത്. മുഖ്യമന്ത്രി അമരീന്ദറിനെ മാറ്റണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന് പിന്തുണ നല്‍കുന്നവര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.

Loading...

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി അമരീന്ദറുമായുള്ള അധികാര തര്‍ക്കം ശക്തമായിരുന്നു. അടുത്ത വര്‍ഷമാദ്യം നിയമസഭാതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന സംസ്ഥാനത്ത് ഇരുവരും തമ്മിലുള്ള ഭിന്നത കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്.