പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം; അഭിരാമിയെ ആശ്വസിപ്പിക്കാൻ പോലുമാകാതെ അഛനും

ആലപ്പുഴ: പ്ലസ് ടു പരീക്ഷയെഴുതി തിരിച്ചെത്തിയ അഭിരാമി കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം. ആലപ്പുഴ സെന്‍റ് ജോസഫ് ഹയർസെക്കന്‍ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി അഭിരാമിയാണ് അമ്മയുടെ മരണം അറിയാതെ പരീക്ഷയെഴുതിയത്.

അസുഖത്തെ തുടർന്ന് അമ്മ ലളിതാംബിക ചികിത്സയിലായിരുന്നു. മകൾ പ്ലസ് ടു പരീക്ഷയിൽ വിജയിക്കണമെന്നതായിരുന്നു ലളിതാംബികയുടെ ആഗ്രഹം. അതിനാൽ തന്നെ പഠനം മുടങ്ങാതിരിക്കാൻ അമ്മ എപ്പോഴും നിർബന്ധിക്കുമായിരുന്നു. കഴിഞ്ഞ ദിവസം അസുഖം കൂടിയതിനെ തുടർന്ന് ലളിതാംബികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം അഭിരാമിയെ ബന്ധുവിന്‍റെ വീട്ടിലേക്ക് മാറ്റിയിരുന്നു.

Loading...

അപ്പോഴേക്കും അമ്മ മരിച്ചിരുന്നു. വിവരം അഭിരാമിയെ അറിയിച്ചില്ല. രാവിലെ പരീക്ഷയ്ക്ക് പോയി. അമ്മ ആശുപത്രിയിലാണ് എന്ന് മാത്രം അറിയുമായിരുന്ന അഭിരാമിയെ കാത്ത് ബന്ധുക്കൾ സ്‌കൂളിന് പുറത്തുണ്ടായിരുന്നു. വീട്ടിനുമുന്നിലെത്തിയപ്പോൾ ജനക്കൂട്ടം. അച്ഛൻ മകളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

വീട്ടിലെത്തിയപ്പോഴാണ് അഭിരാമി മനസ്സിലാക്കുന്നത് തന്‍റെ അമ്മ ഇനി ഇല്ലെന്ന്. അഭിരാമി ഒരേയൊരു മകളാണ്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ കരയുകയാണ് അഭിരാമിയുടെ ബന്ധുക്കളും അയൽവാസികളും.