അംബാനി എത്ര കൊമ്പനായാലും സര്‍ക്കാരിന്റെ കണ്ണില്‍ വെറും സാധാരണക്കാരന്‍: നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സാധാരണ പൗരനു ലഭിക്കുന്ന നീതിയെ അംബാനി എത്ര കൊമ്പനായാലും അയാള്‍ക്ക് ലഭിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്വകാര്യ മേഖല ഇപ്പോഴും നികുതിയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ അപ്രധാന കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സാധാരണക്കാരെ അവഗണിച്ച്‌ മുകേഷ്‌ അംബാനിക്ക്‌ മാത്രമായി ചുവപ്പുനാട മാറ്റിക്കൊടുക്കാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മോഡി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

ആരെയും ഭക്ഷണം വായില്‍വച്ചു കൊടുത്ത്‌ വളര്‍ത്താനാവില്ല. സര്‍ക്കാരിന്റെ നയങ്ങളുമായി യോജിച്ച്‌ പോകാം എന്നുള്ളവര്‍ക്ക്‌ ധൈര്യമായി ഇന്ത്യയില്‍ വ്യവസായങ്ങളാരംഭിക്കാം. അല്ലാത്തവര്‍ക്ക്‌ ഇപ്പോഴുള്ളിടത്ത്‌ തന്നെ തുടരാമെന്നും മോഡി വ്യക്‌തമാക്കി.

Loading...

സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്‌ തന്റേത്‌. അവരുടെ ക്ഷേമത്തിനാണ്‌ താന്‍ എന്നും മുന്‍ഗണന നല്‍കുന്നത്‌. എല്ലാവര്‍ക്കും സത്ഭരണം ഉറപ്പു വരുത്തുക എന്നതാണ്‌ സര്‍ക്കാരിന്റെ ജോലി. തന്റെ സര്‍ക്കാര്‍ അതിനുള്ള നയങ്ങള്‍ രൂപീകരിക്കും. നിങ്ങള്‍ക്കത്‌ യോജിക്കുന്നുവെന്ന്‌ തോന്നിയാല്‍ കൂടെ ചേരാം. അല്ലെങ്കില്‍ ഇപ്പോഴുള്ളിടത്ത്‌ തുടരാം.

കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്‌ ഈ സര്‍ക്കാര്‍ വ്യവസായികള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ എടുക്കുന്നതെന്നാണ്‌. എന്നാല്‍, വ്യവസായികളുടെ നിലപാട്‌ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക്‌ എതിരാണെന്നാണ്‌.

നികുതിയുമായി ബന്ധപ്പെട്ട്‌ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. അതിനെ ഫലപ്രദമായി നേരിടാനാണ്‌ കഴിഞ്ഞ ബജറ്റിലൂടെ ശ്രമിച്ചത്‌. കോടിക്കണക്കിന്‌ വരുന്ന ഇന്ത്യക്കാര്‍ക്ക്‌ ആവശ്യത്തിന്‌ ജോലി സാധ്യതകളും മറ്റ്‌ അവസരങ്ങളും തുറന്നു കൊടുക്കുന്നതിന്‌ ഇത്തരം നീക്കങ്ങള്‍ അത്യാവശ്യമാണ്‌. നിങ്ങള്‍ ഒരു അടി മുന്നോട്ട്‌ വയ്‌ക്കാന്‍ തയാറായാല്‍ നിങ്ങള്‍ക്കായി സര്‍ക്കാര്‍ രണ്ട്‌ അടി മുന്നോട്ട്‌ വയ്‌ക്കുമെന്നും മോഡി അഭിമുഖത്തില്‍ വ്യക്‌തമാക്കുന്നു.